ഡ്രോണുകളെയും, മിസൈലുകളെയും തകർത്തെറിയും; ഇന്ത്യ ‘ഡയറക്ട് എനർജി’യുടെ പണിപ്പുരയിൽ
മുംബൈ: എതിരാളികളെ തകർക്കാനുള്ള പുതിയ ആയുധത്തിന്റെ പണിപ്പുരയിലാണ് ഇന്ത്യ. ഡ്രോണുകൾ, മിസൈലുകൾ തുടങ്ങിയവയെ തകർക്കാനുള്ള ഒരു ഡയറക്ട് എനർജി ആയുധമാണ് ഇന്ത്യ വികസിപ്പിക്കുന്നത്.
ചൈനയും അമേരിക്കയും ഇത്തരം ആയുധങ്ങളുടെ പിറകെയാണ്. അമേരിക്ക ഇതിന്റെ പരീക്ഷണഘട്ടത്തിലെത്തി നിൽക്കുന്നു. ഡ്രോണുകളുടെയും മിസൈലുകളുടെയും ഇലക്ട്രോണിക് സംവിധാനത്തെ താറുമാറാക്കാനുള്ള ഉന്നത ഊർജത്തിലുള്ള മൈക്രോവേവ് (ഹൈപവർ മൈക്രോവേവ്) തരംഗങ്ങൾ പ്രയോഗിക്കുന്ന ആയുധമാണ് ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമായും നാവികസേനയുടെ പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. പരമ്പരാഗത ആയുധങ്ങളെ അപേക്ഷിച്ച് ഹൈപവർ മൈക്രോവേവ് ആയുധങ്ങൾക്ക് ഒട്ടേറെ പ്രയോജനങ്ങളുണ്ട്.
ശത്രുലക്ഷ്യങ്ങളെ മറ്റ് ആയുധങ്ങളേക്കാൾ കൃത്യമായി ആക്രമിക്കാനാകുമെന്നതാണ് ഇത്തരം ആയുധങ്ങളുടെ പ്രത്യേകത. പെട്ടെന്ന് പ്രതികരിക്കാനും ശത്രുലക്ഷ്യങ്ങളെ പരാജയപ്പെടുത്താനും സാധിക്കും. മാത്രമല്ല, കുറഞ്ഞ ഊർജം മാത്രമേ ഇത്തരം ആയുധങ്ങൾക്ക് ആവശ്യമായി വരികയുള്ളൂ.
സാധാരണ യുദ്ധസമാനമായ സാഹചര്യത്തിൽ എതിരാളികളുടെ പ്രതിരോധ സംവിധാനങ്ങൾ തകർക്കാനാണ് ഏത് സൈന്യവും ശ്രമിക്കുക. അതിനായി ഡ്രോണുകൾ ഉപയോഗിച്ചുള്ള കൂട്ടമായ ആക്രമണമാണ് നടത്തുക. യുക്രൈൻ യുദ്ധത്തിലുൾപ്പെടെ ഈ രീതി കണ്ടതാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ നാശമുണ്ടാക്കാൻ ഇത്തരം ഡ്രോൺ ആക്രമണങ്ങൾക്ക് സാധിക്കും. പരമ്പരാഗത പ്രതിരോധ ആയുധങ്ങൾക്ക് കൂട്ടമായി വരുന്ന ഇത്തരം ആക്രമണങ്ങളെ പൂർണതോതിൽ പരാജയപ്പെടുത്താനാകില്ല. പ്രതിരോധ സംവിധാനത്തിന്റെ പിഴവ് മുതലാക്കി അവ ആക്രമണം നടത്തും.
ഇന്ന് ഡ്രോണുകളുടെ ഉപയോഗം കരയിലും ആകാശത്തും സമുദ്രത്തിലും എത്തിനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് ഹൈപവർ മൈക്രോവേവ് ആയുധം നാവികസേനയ്ക്ക് വേണ്ടി വികസിപ്പിക്കുന്നത്. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ നിലവിൽ ഇത്തരത്തിലൊരു ആയുധം നിർമിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ പ്രധാന പോരായ്മ ഒരു കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ മാത്രമേ ആക്രമിക്കാനാകു എന്നതാണ്. ഇത് വർധിപ്പിച്ച് അഞ്ച് കിലോമീറ്റർ പരിധിയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രമണ പരിധി വർധിപ്പിച്ചാൽ കൂടുതൽ കൃത്യതയോടെ കൂടുതൽ ഡ്രോണുകളെയും ശത്രുവിന്റെ മിസൈലുകളെയും നിർവീര്യമാക്കാനാകും. ഇതുവഴി ശത്രുവിന്റെ ആക്രമണത്തിൽ നിന്നുണ്ടാകുന്ന നാശം പരമാവധി കുറയ്ക്കാനാകും. നാവികസേന യുദ്ധക്കപ്പലുകൾക്ക് കൂടുതൽ മാരകമായ ആക്രമണം നടത്താൻ ഇതിലൂടെ സമയം ലഭിക്കുകയും ചെയ്യും.
വിവിധ ദിക്കിൽ നിന്ന് ഒരേസമയം വരുന്ന ഡ്രോണുകൾ ഉൾപ്പെടെയുള്ള ആക്രമണങ്ങളെ വളരെ പെട്ടെന്ന് പ്രതിരോധിക്കണം. കാര്യമായ മാറ്റങ്ങൾ വരുത്താതെ തന്നെ ശത്രുവിന്റെ ഡ്രോണുകളെ ആക്രമിക്കാനാകണം. വരുന്ന ഡ്രോൺ എത്ര ദൂരെയാണ് എന്നതനുസരിച്ച് ഉപയോഗിക്കേണ്ട ഊർജത്തിൽ മാറ്റം വരുത്തുന്നത് ആയാസരഹിതമായി ചെയ്യാനാകണം. തുടങ്ങിയവയാണ് ഇക്കാര്യത്തിൽ നാവികസേനയുടെ ആവശ്യങ്ങൾ. ഇതിനുള്ള അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളാകും ഇന്ത്യയുടെ ഡയറക്ട് എനർജി ആയുധത്തിനുണ്ടാകുക എന്നാണ് കരുതുന്നത്. ഹൈപവർ മൈക്രോവേവ് സാങ്കേതികവിദ്യയിൽ കൂടുതൽ ഗവേഷണം ഇതിന് ആവശ്യമാണ്. ആയുധത്തെ പ്രഹരശേഷിയുള്ളതാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഗവേഷകർ.