ആത്മകഥാ വിവാദത്തില്‍ അതൃപ്തി, കാണിച്ചത് തെമ്മാടിത്തരം; ഇ പി ജയരാജന്‍
തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ അതൃപ്തിയറിയിച്ച് ഇ പി ജയരാജന്‍. പ്രസിദ്ധീകരണത്തിനായി ഡിസി ബുക്ക്‌സും മാതൃഭൂമിയും ഉള്‍പ്പെടെ സമീപിച്ചിരുന്നു. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നല്‍കിയത്. കാണിച്ചത് തെമ്മാടിത്തരമാണെന്നും ധിക്കാരമാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
‘മാധ്യമങ്ങള്‍ക്ക് ഇതിലൊരു പങ്കുണ്ട്. ഡിസി ബുക്സിന് ഞാന്‍ കൊടുത്തിട്ടില്ല. പ്രസിദ്ധീകരണത്തിന് ഡിസി ബുക്സ് ചോദിച്ചിട്ടുണ്ട്, മാതൃഭൂമി ചോദിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ ശശിയും ഞാനും തമ്മില്‍ നല്ല ബന്ധമാണ്. ആദ്യം പുസ്തകം എഴുതി കഴിയട്ടെ എന്നാണ് അവര്‍ക്ക് മറുപടി നല്‍കിയത്. എന്ത് തെമ്മാടിത്തരമാണ് കാണിച്ചത്. എന്ത് ധിക്കാരമാണ് കാണിക്കുന്നത് അതൊന്നും സമ്മതിക്കാന്‍ പോകുന്നില്ല,’ ഇപി പറഞ്ഞു.
‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പിഡിഎഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു.
സംഭവത്തെ പൂര്‍ണമായും നിഷേധിച്ച് ഇപി ജയരാജന്‍ രംഗത്തെത്തിയിരുന്നു. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപിയുടെ ആത്മകഥയായ കട്ടന്‍ ചായയും പരിപ്പുവടയും പ്രസിദ്ധീകരണത്തിന് എന്നായിരുന്നു ഡിസി ബുക്ക്‌സിന്‌റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. എന്നാല്‍ വിവാദങ്ങള്‍ കനത്തതോടെ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡി ഡി ബുക്സ് പറഞ്ഞു.