ഖത്തര്‍ പ്രധാനമന്ത്രിയുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) പ്രഥമ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഞായറാഴ്ച സൗദിയിലെത്തിയത്. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് ചര്‍ച്ച ചെയ്തു. പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളെയും വിലയിരുത്തലുകളെയും അഭിനന്ദിക്കുന്നു, ”ജയശങ്കര്‍ എക്സില്‍ കുറിച്ചു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുകയും, ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.