സന്ദീപ് പഴയ ഓർമ്മയിൽ ആണ് പോകുന്നതെങ്കിൽ കോൺഗ്രസ് പറ്റിയ സ്ഥലമാണ്; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെയും കോൺഗ്രസിനെയും പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സന്ദീപ് പഴയ ഓർമ്മയിൽ ആണ് പോകുന്നതെങ്കിൽ കോൺഗ്രസ് പറ്റിയ സ്ഥലമാണെന്നും, സന്ദീപ് ബിജെപിയെ ഉപേക്ഷിച്ചത് ആണോ ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോ എന്ന് സംശയമുണ്ടെന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മത വർഗീയത ഉപേക്ഷിച്ചാൽ സന്തോഷം. അതല്ല പഴയ ഓർമ്മയിൽ ആണ് പോകുന്നത് എങ്കിൽ കോൺഗ്രസ് പറ്റിയ സ്ഥലം. ആർഎസ്എസ് ശാഖക്ക് കാവൽ നിൽക്കണം എന്ന് തോന്നിയാൽ കെപിസിസി പ്രസിഡന്റ് ഉണ്ട്, ഇനി ആർഎസ്എസ് നേതാക്കളെ പൂവിട്ടു പൂജിക്കണം എങ്കിൽ പ്രതിപക്ഷ നേതാവ് കൂടെ ഉണ്ട്. പല വിഷയങ്ങളിലും ബിജെപിയിൽ നിന്ന് മൗനം പാലിച്ചത് പോലെ തന്നെ കോൺഗ്രസിലും മൗനം തുടരാം.
കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരുന്ന കാലത്താണ് സന്ദീപ് കോൺഗ്രസിലേക്ക് പോകുന്നതെന്നും, ബിജെപിയിൽ ഉണ്ടായിരുന്നപ്പോൾ ചാനൽ ചർച്ചയിൽ പറഞ്ഞ സിഡികൾ ഇവിടെയും ഉപയോഗിക്കാമെന്നും റിയാസ് പറഞ്ഞു. അതെസമയം ഭൂതകാലം വെച്ചല്ല നയവും നിലപാടും വെച്ചാണ് സിപിഐഎം സ്വാഗതം ചെയ്യുന്നതെന്നും റിയാസ് കൂട്ടിചേർത്തു.