ഒറ്റ തന്തയ്ക്ക് പിറന്നവനെങ്കിൽ തെളിവ് പുറത്തുവിടണം; ആൻ്റോയെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കുള്ള തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ചാനല്‍ മുതലാളി ആന്റോ അഗസ്റ്റിൻ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും ധെെര്യമുണ്ടെങ്കില്‍ അവയുടെ തെളിവ് പുറത്തുവിടണമെന്നുമാണ് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ താൻ എത്തിയതിന്റെ ഒരു ഫോട്ടോ തെളിവെങ്കിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാൻ ശോഭ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
‘ഒരു 500 തവണയെങ്കിലും ഞാൻ ആന്റോ അഗസ്റ്റിന്റെ വീട്ടിലെത്തിയിരുന്നുവെന്ന് അയാള്‍ പറഞ്ഞു. അതില്‍ നിന്ന് രണ്ട് പൂജ്യം ഞാൻ കളഞ്ഞു. ഒരു അഞ്ച് തവണയെങ്കിലും ഞാൻ ആന്റോയുടെ വീട്ടില്‍ വന്നതിന്റെ തെളിവ് പുറത്തുവിടണം. ഞാൻ ആന്റോ അഗസ്റ്റിനെ ഫോണില്‍ വിളിച്ചുവെന്ന് അയാള്‍ പറഞ്ഞു. ഞാൻ വിളിച്ച സമയം, നമ്പർ, തീയതി എന്നിവ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാൻ അയാള്‍ തയ്യാറാവണം. എനിക്ക് വേണ്ടി മുറികള്‍ എടുത്തിട്ടുണ്ടെന്നാണ് അയാള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹോട്ടലില്‍ എനിക്ക് വേണ്ടി നിങ്ങള്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കില്‍ അതിന്റെ തെളിവ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കണം. ശോഭയ്ക്ക് വിമാനത്തില്‍ കയറാൻ ടിക്കറ്റ് എടുത്ത് കൊടുക്കുന്നത് അയാള്‍ ആണെന്ന് പറഞ്ഞു. ഇല്ലാത്ത ബലാത്സംഗ കുറ്റം ചുമത്താൻ ഒരു സ്ത്രീക്ക് പണം വാഗ്ദാനം ചെയ്ത ആളാണ് ആന്റോ. അതിന്റെ സാക്ഷിയാണ് ഞാൻ. തിരൂർ സതീശന് പിന്നില്‍ ആന്റോ അഗസ്റ്റിൻ ആണ്’,- ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വീട്ടില്‍ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം പൊളിയുന്നു. തന്റെ വീട്ടില്‍ വന്നിട്ടില്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് തിരൂർ സതീഷ് പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ വീട്ടില്‍ ഭാര്യയോടും മകനോടും ഒപ്പം ശോഭാ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സതീഷന്റെ വീട്ടില്‍ താൻ വന്നിട്ടേയില്ലെന്നായിരുന്നു ഇന്നലെ ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ശോഭാ സുരേന്ദ്രൻ വീട്ടിലെത്തിയതിനുള്ള തെളിവാണ് പുറത്തുവന്ന ചിത്രങ്ങള്‍. ആറുമാസം മുൻപ് തന്റെ വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂർ സതീഷ് പ്രതികരിച്ചു.
കൊടകര കുഴല്‍പ്പണകേസില്‍ തിരൂർ സതീഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നായിരുന്നു ശോഭാ സുരേന്ദ്രൻ ഇന്നലെ പറഞ്ഞത്. ആരോപണങ്ങള്‍ക്ക് തിരൂർ സതീശനെ സിപിഎം വിലയ്‌ക്കെടുത്തെന്നും ശോഭ ആരോപിച്ചിരുന്നു. സതീഷൻ തന്നെ കാണാൻ വന്നിട്ടില്ലെന്നും സതീഷിന്റെ വീട്ടില്‍ ഒരിക്കലും പോയിട്ടില്ലെന്നും ശോഭ പറഞ്ഞിരുന്നു.