ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം
അടിമാലി: ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. ഒഴുക്കിൽപ്പെട്ട ഭർത്താവ് ദിവാകരൻ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
വണ്ണപ്പുറത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ മഴ ശക്തമായി തുടരുകയാണ്. വൈകീട്ട് ആറോടെയാണ് ഓമനയും ഭർത്താവ് ദിവാകരനും പടിക്കകത്തുള്ള കൃഷിയിടത്തിൽ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്ക് പോയത്. വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുന്നതിനിടെ ചെറിയ നീർച്ചാൽ കടക്കാനുണ്ടായിരുന്നു. ഇതിനിടെ പെട്ടെന്ന് പാഞ്ഞെത്തിയ മലവെള്ളത്തിൽ ഓമന ഒലിച്ചുപോകുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് ദിവാകരൻ എവിടെയോ പിടിച്ചുനിന്നു. പരിക്കുകൾ സംഭവിച്ചെങ്കിലും സുരക്ഷിത സ്ഥാനത്തെത്തിയ ദിവാകരൻ കെഎസ്ഇബി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണ ദിവാകരനെ ആശുപത്രിയിലെത്തിച്ചു.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരാനാണ് സാധ്യത. ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾ പുഴയിൽ കുളിക്കാൻ പോകരുതെന്നും നിർദേശമുണ്ട്.