മേയർ യദു തർക്കം; പോലിസിനെതിരെ കോടതി
കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് മേയറെയും എം.എല്‍.എയെയും കുറ്റവിമുക്തരാക്കാനുള്ള പൊലീസ് ശ്രമത്തിന് കോടതി വിമർശം. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്‍റെ ഹർജിയില്‍ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം. സച്ചിൻദേവ് എം.എല്‍.എയും ഉള്‍പ്പെടെ അഞ്ച് പേർക്കെതിരായി കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണിത്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ പൊലീസ് നടപടി അപക്വമെന്നായിരുന്നു കോടതി നിരീക്ഷണം.
അന്വേഷണ പുരോഗതി സമർപ്പിക്കാനുള്ള റിപ്പോർട്ടില്‍ പ്രതികള്‍ക്ക് ക്ലീൻചിറ്റ് നല്‍കിയതിനെതിരെയായിരുന്നു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ വിമർശനം. പൊലീസ് നല്‍കിയ അന്വേഷണ പുരോഗതി റിപ്പോർട്ടില്‍ ഐ.പി.സി 447ാം വകുപ്പു പ്രകാരം അതിക്രമിച്ചു കയറിയെന്ന കുറ്റവും മോശം ഭാഷ ഉപയോഗിച്ചില്ലെന്നും അതിനാല്‍ ഐ.പി.സി 294 ബി നിലനില്‍ക്കില്ലെന്നുമായിരുന്നു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട്. എന്നാല്‍, കേസിലെ നിർണായക തെളിവായ ബസിലെ സി.സി ടി.വി കാമറയുടെ മെമ്മറി ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതില്ലാതെ പൊലീസ് ഇക്കാര്യം എങ്ങനെ കണ്ടെത്തിയെന്നാണ് യദുവിന്‍റെ അഭിഭാഷകൻ അശോക് പി. നായർ ചോദിച്ചത്.
സാക്ഷിമൊഴികളും ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍നിന്ന് പ്രതികള്‍ മോശം ഭാഷ ഉപയോഗിച്ചതിന് (ഐപിസി 294 ബി) തെളിവില്ല. കേസിലെ രണ്ടാംപ്രതി (സച്ചിൻദേവ് എം.എല്‍.എ) കെ.എസ്.ആർ.ടി.സി ബസിനകത്ത് അതിക്രമിച്ച് കയറിയതല്ലെന്നും ഡ്രൈവർ യദുവിന്റെ നിയന്ത്രണത്തിലുള്ള ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസിന്റെ വാതില്‍ യദു തന്നെ തുറന്നു നല്‍കിയതാണെന്നും പൊലീസ് റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, യദു ഓടിച്ച വാഹനം അനുവദിച്ച റൂട്ടിലൂടെയല്ല ഓടിച്ചിരുന്നതെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. ബേക്കറി ജങ്ഷൻ വഴി തമ്പാനൂരിലേക്ക് പോകേണ്ടിയിരുന്ന ബസ് പി.എം.ജി-പാളയം-വി.ജെ.ടി റൂട്ടിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.