Latest News

അന്തർ സംസ്ഥാന മോഷ്ടാവ് ബുള്ളറ്റ് ഷാലുവും സഹായിയും പിടിയിൽ

 അന്തർ സംസ്ഥാന മോഷ്ടാവ് ബുള്ളറ്റ് ഷാലുവും സഹായിയും പിടിയിൽ

കോഴിക്കോട്: തിരുവോണത്തലേന്ന് പെരുവയലിലെ പാടേരി ഇല്ലത്തും പത്തുദിവസം മുൻപ് ചേവായൂർ കാവ് സ്റ്റോപ്പിന് സമീപത്തെ വീട്ടിലും ഉള്‍പ്പെടെ മുപ്പതോളം കവർച്ചകള്‍ നടത്തിയ അന്തർസംസ്ഥാന മോഷ്ടാവും സഹായിയും അറസ്റ്റില്‍. മായനാട് താഴെ ചെപ്പങ്ങ തോട്ടത്തില്‍ വീട്ടില്‍ ബുള്ളറ്റ് ഷാലു എന്ന സി.ടി. ഷാലു (38), മലപ്പുറം കോട്ടയ്ക്കല്‍ ചാപ്പനങ്ങാടി എർകോട്ട് വീട്ടില്‍ മുഹമ്മദ് സുഫിയാൻ (37) എന്നിവരാണ് അറസ്റ്റിലായത്.

പൂവാട്ടുപറമ്പ്, കുറ്റിക്കാട്ടൂർ, പുത്തൂർമഠം, കുരിക്കത്തൂർ, പാലക്കോട്ടുവയല്‍, മുണ്ടിക്കല്‍ത്താഴം എന്നിവിടങ്ങളില്‍ ഇവർ കവർച്ച നടത്തിയിട്ടുണ്ട്. ഈ വർഷം മുപ്പതോളം വീടുകളില്‍ നിന്നായി നൂറിലധികം പവൻ സ്വർണവും ലക്ഷക്കണക്കിന് രൂപയും കവർന്നു. ഏഴുലക്ഷത്തോളം രൂപ ഇവരില്‍ നിന്ന് കണ്ടെത്തി. ബാക്കിവീണ്ടെടുക്കാൻ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മെഡിക്കല്‍ കോളേജ് അസി. കമ്മിഷണർ എ. ഉമേഷ് പറഞ്ഞു.

കവർച്ച മുൻകൂട്ടി ആസൂത്രണംചെയ്ത് നടത്തുന്ന ശീലമുള്ള ഷാലു പാടേരി ഇല്ലത്തും കാവ് സ്റ്റോപ്പിന് സമീപത്തെ വീട്ടില്‍ കയറിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. സമീപത്തെ വീട് ലക്ഷ്യംവെച്ചാണ് ഇയാള്‍ എത്തിയത്. ഇല്ലത്തിന്റെ വരാന്തയില്‍ വിശ്രമിച്ച്‌ മറ്റൊരുവീട് ലക്ഷ്യംവെക്കുന്നതിനിടെയാണ് ഈ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തന്റെ കൈവശമുള്ള പാരകൊണ്ട് പൂട്ട് പൊളിക്കാൻ സാധിക്കാതിരുന്നതിനാല്‍ അവിടെ പറമ്പില്‍നിന്ന് പിക്കാസെടുത്ത് പൊളിച്ചു. കാവ് സ്റ്റോപ്പില്‍ ലക്ഷ്യംവെച്ച വീടിന്റെ വാതില്‍ പൊളിക്കാൻ സാധിക്കാതെ പദ്ധതി ഉപേക്ഷിച്ച്‌ മടങ്ങാൻ നോക്കുമ്പോഴാണ് പുലർച്ചെ വീട്ടുകാർ പുറത്തേക്കുപോകുന്നത് കണ്ടത്. ഈ വീടിന് സമീപത്തെ ഒരു സി.സി.ടി.വി. ദൃശ്യമാണ് അന്വേഷണസംഘത്തിന് സൂചന നല്‍കിയത്. ഷാലുവിന്റെ നടത്തത്തിന്റെ ശൈലി ആ വീഡിയോ കണ്ട ക്രൈം സ്ക്വാഡ് അംഗം തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ലോറിയില്‍ ജോലിക്ക് ദൂരസ്ഥലങ്ങളിലേക്ക് പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഷാലു കവർച്ചകളില്‍ ഏർപ്പെടാറ്. മോഷണശേഷം ഗുണ്ടല്‍പേട്ടിലെ ഒളിത്താവളത്തിലേക്ക് കടക്കും. അടുത്തദിവസം മടങ്ങിയെത്തി മോഷണവസ്തുക്കള്‍ വിറ്റ് വീണ്ടും ഗുണ്ടല്‍പേട്ടിലേക്ക് പോകും. ചൂതാട്ടത്തിനും ആർഭാട ജീവിതത്തിനും വേണ്ടിയാണ് ഈ പണം ഉപയോഗിക്കുന്നത്. കമ്മിഷണറുടെ സ്പെഷ്യല്‍ ആക്ഷൻഗ്രൂപ്പും മെഡിക്കല്‍ കോളേജ് ഇൻസ്പെക്ടർ ജിജീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes