തനിക്കെതിരെ സരിനല്ല, ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്‌നമില്ല; രാഹുൽ
പത്തനംതിട്ട: പാലക്കാട് തനിക്കെതിരെ സരിനല്ല, ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ക്ക് വലിയ പ്രാധാന്യമില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണ് പ്രാധാന്യം. ആര് വരുന്നു എന്നതില്‍ ആശങ്കയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ സ്ഥാനാര്‍ത്ഥിയാണ് താന്‍. തനിക്ക് മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വോട്ട് മതി. വര്‍ഗീയവാദികളുടെ വോട്ട് വേണ്ട. പാലക്കാടിന്റെ മകനായി താന്‍ അവിടെ ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.നേരത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് മുന്‍തൂക്കം ലഭിച്ചുവെന്നും രാഹുല്‍ പറഞ്ഞു. ആശയ കുഴപ്പമില്ലാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് നേട്ടമാണ്. ഇടതുപക്ഷത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി യുഡിഎഫിന് ഗുണം ചെയ്യും. അന്‍വറിന്റെ നിലപാടുകളും പ്രതികരണങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരത്തെ ആളിക്കത്തിക്കുന്നതാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എതിരായ അവിശ്വാസത്തിന്റെ മെച്ചം യുഡിഎഫിനാണ് ലഭിക്കുകയെന്നും രാഹുല്‍ വ്യക്തമാക്കി.