‘തനി ഒരുവൻ 2’ പ്രേക്ഷകർക്കായി വീണ്ടും ജയം രവി, ഷൂട്ടിങ് അടുത്ത വർഷം
ജയം രവിയെ നായകനാക്കി മോഹൻ രാജ സംവിധാനം ചെയ്ത ചിത്രമാണ് തനി ഒരുവൻ. ഒരു ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്. ചിത്രത്തിലെ അരവിന്ദ് സാമിയുടെയും ജയം രവിയുടെ പ്രകടനത്തിനും തിരക്കഥക്കും നിരവധി നിരൂപക പ്രശംസയാണ് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ട് അണിയറപ്രവർത്തകർ ഒരു പ്രൊമോ പുറത്തുവിട്ടിരുന്നു. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് ജയം രവി പുറത്തുവിട്ടിരിക്കുകയാണ്.ഒരുപാട് ഹിഡൻ ലെയേർസ് ഉള്ള, വളരെ പ്രയാസമേറിയ സിനിമയായിരിക്കും തനി ഒരുവൻ 2. അതിന്റെ ജോലികൾ ഇപ്പോൾ നടക്കുകയാണ്. ഈ ലെയേഴ്സിനെയെല്ലാം രണ്ടാം ഭാഗത്തിന്റെ കഥയിലേക്കും കഥാപാത്രത്തിലേക്കും ലിങ്ക് ചെയ്താകും ചിത്രം അവതരിപ്പിക്കുകയെന്നും ജയം രവി പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിങ് 2025 ൽ ആരംഭിക്കുമെന്നും പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ ജയം രവി പറഞ്ഞു.ആദ്യ ഭാഗം നിർമിച്ച എജിഎസ് എന്റെർറ്റൈന്മെന്റ്സ് തന്നെയാണ് തനി ഒരുവൻ രണ്ടാം ഭാഗവും നിർമിക്കുന്നത്. നയൻതാരയും ചിത്രത്തിലൊരു പ്രധാന വേഷത്തിലുണ്ടാകും. നീരവ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സാം സിഎസ് ആണ്. ആദ്യ ഭാഗത്തിൽ അരവിന്ദ് സാമി അവതരിപ്പിച്ച സിദ്ധാർഥ് അഭിമന്യു എന്ന കഥാപാത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ ആരായിരിക്കും വില്ലൻ കഥാപാത്രം കൈകാര്യം ചെയ്യുന്നതെന്ന് കാണാൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.