കോൺഗ്രസിൽ നിന്നും പോയവരെ പ്രാണിയോട് ഉപമിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും പോയവരെ പ്രാണിയോട് ഉപമിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പി സരിൻ പോയത് പ്രാണി പോയ നഷ്ടം പോലും കോൺഗ്രസിന് ഉണ്ടാക്കില്ലെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. പാലക്കാട് സരിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് വെല്ലുവിളിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനകത്ത് എത്രയോ പേർ പാർട്ടി വിട്ട് പോകാറുണ്ട്. അതൊന്നും ഈ മല പോലുള്ള പാർട്ടിയെ ഏശില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നിൽക്കുക എന്നതല്ലാതെ ഞങ്ങൾക്കൊന്നും ചെയ്യാനില്ല. ഇവരെയൊന്നും കണ്ടിട്ടല്ല കോൺഗ്രസ് ഉണ്ടായതും കോൺഗ്രസ് ജയിച്ചതുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാർട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളിൽ സഹികെട്ട് പാർട്ടി വിടുകയാണെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹി എ കെ ഷാനിബ് പറഞ്ഞിരുന്നു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിൽ പാർട്ടിയിൽ നടക്കുന്നതെന്നും ഷാനിബ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൻ സരിൻ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണ്. അതിന് സാധൂകരിക്കുന്ന കാര്യങ്ങളാണ് തനിക്കും പറയാനുള്ളത്.
വടകര-പാലക്കാട്-ആറന്മുള കരാറാണ് ഉണ്ടാക്കിയത്. അതിന്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ. പാലക്കാട് നിന്നും വടകരയിലേക്ക് എന്തിനാണ് ഒരാൾ പോയത്. പാർട്ടിയിൽ പാലക്കാട് എംഎൽഎയായ ആളല്ലാതെ ആരും ന്യൂനപക്ഷ സമുദായത്തിൽ നിന്നും ഉണ്ടായില്ലേ. എറണാകുളം ഡിസിസി പ്രസിഡന്റ് ഉണ്ടായിരുന്നില്ലേ. ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർത്ഥി അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിന് പിന്നിൽ അജണ്ടയുണ്ട്. ചിലരുടെ തെറ്റായ സമീപനങ്ങളും നീക്കങ്ങളുമാണ് ഇപ്പോഴത്തെ സാഹചര്യം ഉണ്ടാക്കിയതെന്നും ഷാനിബ് പറഞ്ഞു.