കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാനായി മുഖ്യമന്ത്രിക്ക് പരാതി നൽകി; ലഭിച്ചത് വിചിത്ര നിർദേശം
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാനായി മുഖ്യമന്ത്രിക്ക് പരാതി നൽകിയ പരാതിക്കാരിക്ക് ലഭിച്ചത് വിചിത്ര നിർദേശം. ഒരു വർഷം മുൻപ് വിരമിച്ച ഉദ്യോഗസ്ഥനെ ബന്ധപ്പെടാനായിരുന്നു തിരുവനന്തപുരം സ്വദേശി ശ്രീലേഖയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ച നിർദേശം.
ഒക്ടോബർ അഞ്ചാം തീയതിയാണ് ശ്രീലേഖ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതിന് മറുപടിയായി ഒരു വർഷം മുൻപ് വിരമിച്ച കാട്ടാക്കട കോ-ഓപ്പറേറ്റിവ് അസിറ്റന്റ് രജിസ്ട്രാറായിരുന്ന ജയചന്ദ്രൻ എന്ന വ്യക്തിയുടെ നമ്പറാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയത്. ശ്രീലേഖ അദ്ദേഹത്തെ വിളിച്ചപ്പോൾ മാത്രമാണ് ഒരു വർഷം മുൻപ് സർവീസിൽ നിന്ന് വിരമിച്ച വ്യക്തിയാണ് ഇദ്ദേഹമെന്ന് അറിയുന്നത്. മകളുടെ വിവാഹം ഉടൻ നടക്കാനിരിക്കെ എത്രയും പെട്ടെന്നു പണം ലഭിക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിയിലേക്ക് കടക്കുകയാണ് ശ്രീലേഖ.
18 ലക്ഷം രൂപയാണ് ശ്രീലേഖ കണ്ടല ബാങ്കിൽ നിക്ഷേപിച്ചത്. നാല് ലക്ഷം രൂപ മാത്രമേ ഇതിനകം തിരികെ ലഭിച്ചുള്ളൂ. ‘മകളുടെ വിവാഹനിശ്ചയം മുതലേ ഞാൻ എന്റെ പണം ആവശ്യപ്പെടുകയാണ്. നിശ്ചയം കഴിഞ്ഞിട്ട് രണ്ടര വർഷം കഴിഞ്ഞു. പ്രസിഡന്റിനെ സമീപിച്ചപ്പോൾ ആദ്യം 12 ലക്ഷം തരാമെന്നും, പിന്നെ 8 ലക്ഷം തരാമെന്നുമെല്ലാമാണ് പറഞ്ഞത്. എന്നാൽ കാശ് തരാമെന്ന് പറഞ്ഞ് പിന്നെ തരില്ല’; ശ്രീലേഖ പറഞ്ഞു.
രണ്ടാമത് വിവാഹം നിശ്ചയിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ ശ്രീലേഖ വീണ്ടും ബന്ധപ്പെട്ടിരുന്നു. ശേഷം ബാങ്കിനെ ബന്ധപ്പെട്ടപ്പോൾ ഉത്തരവ് മാത്രം ലഭിച്ചാൽ പോരാ, പണം കൂടി അനുവദിക്കാൻ അവർ പറയണമെന്നായിരുന്നു ബാങ്കിന്റെ മറുപടിയെന്ന് ശ്രീലേഖ പറയുന്നു. നിലവിൽ വിവാഹം നടത്താനുളള പണം കയ്യിലില്ലെന്നും ബാങ്കിലാണ് പ്രതീക്ഷയെന്നും ശ്രീലേഖ പറയുന്നു.