Latest News

കളക്ടർ അരുൺ കെ വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

 കളക്ടർ അരുൺ കെ വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ, കളക്ടർ അരുൺ കെ വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കളക്ടർ എന്തിനാണ് ദിവ്യയെ സംസാരിക്കാൻ അനുവദിച്ചതെന്നും ആണാണെന്ന് പറഞ്ഞാൽ പോരാ, ആണത്തം വേണമെന്നും സുധാകരൻ രൂക്ഷമായി വിമർശിച്ചു.

പി പി ദിവ്യക്ക് കളക്ടർ പൂർണപിന്തുണ നൽകിയെന്നും സുധാകരന്‍ ആരോപിച്ചു. വെറുമൊരു ഡിപ്പാർട്ടമെന്റ് മീറ്റിംഗിൽ പി പി ദിവ്യക്ക് എന്താണ് കാര്യം? അഴിമതിരഹിതനായ ഒരുദ്യോഗസ്ഥനെക്കുറിച്ച് ഇങ്ങനെ പറയാൻ എന്തിന് കളക്ടർ ദിവ്യയെ അനുവദിച്ചുവെന്നും കണ്ണൂരിലെ ജനങ്ങളുടെ മനസ്സിൽ കുറ്റപത്രം ചാർത്തപ്പെട്ടയാളായി കളക്ടർ മാറിയെന്നും സുധാകരൻ വിമർശിച്ചു.

മനസിനെ നോവിച്ച തിക്തമായ അനുഭവമാണ് നവീൻ ബാബുവിന്റേതെന്നും സുധാകരൻ പ്രതിഷേധം ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അപമാനഭാരം കൊണ്ട് ഒരാൾ പോലും ഒരിക്കലും ജീവിതമവസാനിക്കാൻ പാടില്ലാത്തതാണ്. നവീൻ ബാബു ഒരാളിൽ നിന്ന് പോലും കൈകൂലി വാങ്ങിയിട്ടില്ലെന്നും പത്തനംതിട്ടയിൽ പോലും നല്ല പേരാണ് അദ്ദേഹത്തിനെന്നും പറഞ്ഞ സുധാകരൻ, അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളെയും ഭാര്യയെയും കണ്ടപ്പോൾ മനസുടഞ്ഞുപോയെന്നും പറഞ്ഞു.

അതേസമയം, കലക്ടർക്കെതിരെ കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes