കൊടകര കുഴല്‍പ്പണക്കേസ്; തുടരന്വേഷണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്നുണ്ടായേക്കും
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്നുണ്ടായേക്കും. തുടരന്വേഷണം പൊലീസിന് എത്രമാത്രം സാധ്യമാകും എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഇത് സംബന്ധിച്ച നിയമോപദേശം പൊലീസ് തേടി.
നിലവില്‍ കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പൊലീസ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പൊലീസിന് സാധ്യമാകില്ല. പബ്ലിക് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് പ്രധാനമായും അന്വേഷണം നടക്കേണ്ടത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് കൊടകര കുഴല്‍പ്പണ കേസില്‍ ഇനി നടക്കേണ്ടത്. കേസ് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ കോടതിയെ സമീപിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനമായത്. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചര്‍ച്ചയായത്. സതീഷിന്റെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. കൊടകര കുഴല്‍പ്പണ കേസ് അന്വേഷിച്ച പ്രത്യേക സംഘം തന്നെ മൊഴിയെടുത്ത് റിപ്പോര്‍ട്ട് തയാറാക്കും. നിലവില്‍ എഫ്‌ഐആര്‍ ഉള്ള കേസായതിനാല്‍ വെളിപ്പെടുത്തല്‍ പുതിയതാണെങ്കിലും വീണ്ടും എഫ്‌ഐആര്‍ ഇടാന്‍ പറ്റില്ല. സതീഷിന്റെ മൊഴിയെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഒപ്പം ഇ ഡിയ്ക്ക് വീണ്ടും കത്തയയ്ക്കും.
കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു. സതീഷിന്റെ ആരോപണം ഏറ്റെടുത്ത് സിപിഐഎമ്മും സിപിഐയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.