തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാത്ത തോട്ടം ഉടമകൾക്കെതിരെ നിയമനടപടിയെടുക്കണം; കേരള പ്ലാന്റേഷൻ മിഷൻ
പിരിഞ്ഞു പോയ തോട്ടം തൊഴിലാളികൾക്കും മുൻപ് തോട്ടത്തിൽ നിന്ന് വിരമിച്ചവർക്കും ഗ്രാറ്റുവിറ്റി നൽകാത്ത തോട്ടം ഉടമകൾക്കെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യവുമായി കേരള പ്ലാന്റേഷൻ മിഷൻ. പല എസ്റ്റേറ്റ് ഉടമകളും തോട്ടം പ്രതിസന്ധിയുടെ കാര്യം പറഞ്ഞാണ് വർഷങ്ങളോളം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതെ നീട്ടിക്കൊണ്ടുപോകുന്നത്. പല തൊഴിലാളികളും ഇതിനോടൊപ്പം മരണപ്പെട്ടിട്ടുണ്ട്. രോഗികളായി കിടപ്പിലായവരും ഗ്രാറ്റുവിറ്റി കിട്ടാത്തതിൽ പെടും. തൊഴിലാളികൾക്ക് ആനുകൂല്യം നൽകാൻ വേണ്ടി തോട്ടം മുറിച്ച് വിൽപ്പന നടത്തുകയും തോട്ടത്തിലുള്ള വൻമരങ്ങൾ മുറിച്ചു വിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യാതൊരു സഹായങ്ങളും തൊഴിലാളികൾക്ക് നൽകുന്നില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ലയത്തിലാണ് ഇപ്പോഴും തൊഴിലാളികൾ താമസിക്കുന്നത്. ഇവർക്ക് വേണ്ട രീതിയിലുള്ള ചികിത്സ, മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ പ്രതിസന്ധി നേരിടുന്നത്. അടിയന്തരമായി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാൻ വേണ്ട നടപടി സർക്കാരിന്റെ ഭാഗത്തുണ്ടാകണം. ഇത് ചൂണ്ടിക്കാട്ടി പ്ലാന്റേഷൻ മിഷൻ ചെയർമാൻ ഷിബു കെ തമ്പി, ജനറൽ സെക്രട്ടറി പി. ടി ശ്രീകുമാർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ്മന്ത്രിക്കും ലേബർ കമ്മീഷനും നിവേദനം നൽകി.