സജി ചെറിയാനെതിരായ കേസ്; കോടതി ഉത്തരവ് അനുസരിച്ച് പുനരന്വേഷണം നടക്കട്ടെയെന്ന് എം വി ഗോവിന്ദന്‍
കണ്ണൂര്‍: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സജി ചെറിയാനെതിരായ കേസില്‍ കോടതി ഉത്തരവ് അനുസരിച്ച് പുനരന്വേഷണം നടക്കട്ടെയെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
കോടതിയെ അംഗീകരിച്ച് മുന്നോട്ട് പോവുക എന്നതാണ് ഉചിതം. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികളിലേക്ക് കടക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാജി സംബന്ധിച്ചുള്ള ചോദ്യത്തോട് നിയമവശം പരിശോധിച്ച് പാര്‍ട്ടിയും സര്‍ക്കാരും നിലപാട് സ്വീകരിക്കുമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയസാധ്യത ഉണ്ടെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പങ്കുവെച്ചു. മൂന്നാം സ്ഥാനത്തുളള എല്‍ഡിഎഫിന് മികച്ച പോരാട്ടം കാഴ്ച്ചവെക്കാന്‍ സാധിച്ചു. ബിജെപി മൂന്നാംസ്ഥാനത്തേക്ക് പോകും. മറ്റുകാര്യങ്ങള്‍ ഫലം വന്നശേഷം പരിശോധിക്കാമെന്നായിരുന്നു പ്രതികരണം. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നില മെച്ചപ്പെടുത്തും. ചേലക്കരയില്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.