മണ്ഡലകാല തീർത്ഥാടനം നാളെ മുതൽ; പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും നടക്കും
പത്തനംതിട്ട: നാളെ മുതൽ മണ്ഡലകാല തീർത്ഥാടനം ആരംഭിക്കും. നാളെ വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പിഎൻ മഹേഷ് ക്ഷേത്ര നട തുറക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേൽശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നൽകിയ ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ ദീപം തെളിക്കും.
ശേഷം ഭക്തർക്കായി ക്ഷേത്ര നട തുറക്കും. നാളെ ഭക്തർക്ക് ദർശനവും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പുതിയ മേൽശാന്തിമാരായ എസ് അരുൺ കുമാർ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി (മാളികപ്പുറം)യുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്കാണ്. തന്ത്രിമാരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്യും.