കള്ളപ്പണ ഇടപാട്; സൗബിൻ ഷാഹിറിന് കുരുക്ക് മുറുകുന്നു, നടനെ ചോദ്യം ചെയ്യും
കൊച്ചി: സിനിമ നിർമാണത്തിൻറെ മറവിൽ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടൻ സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം സൗബിൻറെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ നിർമാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നാണ് സൂചന.
ഡ്രീം ബിഗ് ഫിലിംസ് എന്ന നിർമാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിർമാണ കമ്പനികൾക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നൽകിയതെന്നും ഇതിൽ അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.