കോതമംഗലത്ത് വനത്തിനുള്ളിൽ അകപ്പെട്ട മൂന്ന് സ്ത്രീകളെ കണ്ടെത്തി
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിനുള്ളിൽ അകപ്പെട്ട മൂന്ന് സ്ത്രീകളെ കണ്ടെത്തി. പശുവിനെ തിരഞ്ഞ് കാട്ടിൽ പോയ മൂന്ന് സ്ത്രീകളാണ് ഇന്നലെ വനത്തിൽ കുടുങ്ങിയത്. വനത്തിനുള്ളിൽ 6 കി.മീ ഉള്ളിലായാണ് സ്ത്രീകളെ കണ്ടെത്തിയത്.
പോലീസും, അഗ്‌നി രക്ഷാ സേനയും, വനംവകുപ്പും, നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവർ വനത്തിലേക്ക് പോയത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്. മായ, ഡാർലി, പാറുക്കുട്ടി എന്നിവരെയാണ് കണ്ടെത്തിയത്.
ഇന്നലെ നാലു മണിവരെ ഇവരെ ഫോണിൽ ലഭ്യമായിരുന്നു. വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നത്. തുടർന്ന് വനം വകുപ്പ് ഉൾപ്പെടെയുള്ളവർ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. നാല് സംഘങ്ങളായാണ് തിരച്ചിൽ ആരംഭിച്ചിരുന്നത്. ഇതിൽ രണ്ട് സംഘങ്ങൾ സ്ത്രീകളെ കണ്ടെത്താനാകാതെ തിരികെയെത്തി. രണ്ട് സംഘങ്ങൾ നിലവിൽ കാട്ടിൽ തിരച്ചിൽ തുടരുകയായിരുന്നു. 15 പേരും എട്ടു പേരും അടങ്ങുന്ന രണ്ട് സംഘങ്ങളാണ് തിരച്ചിൽ നടത്തിയത്.