രാഹുലിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് എംപിയും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പില്‍
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 1418 വോട്ടിന് മുന്നിട്ട് നില്‍ക്കുമ്പോള്‍ രാഹുലിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് എംപിയും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പില്‍. എംപി വി കെ ശ്രീകണ്ഠനും രാഹുല്‍ മാങ്കൂട്ടത്തിലിനുമൊപ്പം തംബ്സ് അടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചത്.
പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ഷാഫി പറമ്പില്‍ ഇന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം അനുഭവപ്പെട്ടിരുന്നുവെന്നും ഇത്തവണ അതില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വിജയിക്കുമെന്ന് ഉറപ്പിച്ച് വി ടി ബല്‍റാം നേരത്തേ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഷാഫിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ചിത്രം പങ്കുവെച്ചാണ് വി ടി ബല്‍റാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
‘പാലക്കാട് രാഹുല്‍ തന്നെ. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എംഎല്‍എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദവമായ അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദി’ എന്നാണ് ബല്‍റാമിന്റെ പോസ്റ്റ്.