‘ചെങ്കോട്ടയാണ് ഈ ചേലക്കര’; ഫേസ്ബുക്ക് പോസ്റ്റിട്ട് കെ രാധാകൃഷ്ണൻ
തൃശൂർ: ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് മുന്നേറുമ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എംപി. ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കെ അദ്ദേഹം കുറിച്ചത്.
കഴിഞ്ഞ 28 വർഷമായി എൽഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് ചേലക്കര. താൻ നൂറുശതമാനം കോൺഫിഡൻ്റ് ആണെന്നും വിജയ പ്രതീക്ഷയുണ്ടെന്നും യു ആർ പ്രദീപ് വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് പ്രതികരിച്ചിരുന്നു. നല്ല കോൺഫിഡൻസോടെയാണ് വീട്ടിൽ നിന്നിറങ്ങുന്നതെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പിന്നിലാക്കിക്കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം.
അതേസമയം, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിജയിക്കുമെന്ന് ഉറപ്പിക്കുകയാണ് വി ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദവമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി’ എന്നാണ് ബൽറാമിന്റെ പോസ്റ്റ്.
രാഹുലിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തുകൊണ്ടാണ് എംപിയും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പില്‍ വിജയ പ്രതീക്ഷ പങ്കുവെക്കുന്നത്. എംപി വി കെ ശ്രീകണ്ഠനും രാഹുല്‍ മാങ്കൂട്ടത്തിലിനുമൊപ്പം തംബ്സ് അപ്പുമായി നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിട്ടുള്ളത്.