ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗശൂന്യമായേക്കാം; അവസാന തീയ്യതിയറിയാം!
ന്യൂഡൽഹി: സുപ്രധാന തിരിച്ചറിയൽ രേഖകളിലൊന്നായ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇനിയും അവസരം. നികുതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കാൻ പാൻ കാർഡ് ആവശ്യമാണ്. പാൻ കാർഡ് ഉള്ളവരെല്ലാം ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന നിർദേശം. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനും നികുതി വിവരങ്ങൾ ശേഖരിക്കുന്നതിനും പാൻ കാർഡ് ഉടമകൾ പാൻ ആധാറുമായി ബന്ധിപ്പിക്കണം.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 31 ആണ്. ഈ കാലയളവിൽ പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് നിർജ്ജീവമാകുമെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. പിന്നാലെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിൽ ബുദ്ധിമുട്ട് നേരിടേണ്ടതായി വരും.
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം സാമ്പത്തിക സുതാര്യത വർധിപ്പിക്കുകയും ശരിയായ രേഖകൾ ഉറപ്പാക്കുകയുമാണ്. ഇതുവഴി വഞ്ചനയും സൈബർ കുറ്റകൃത്യങ്ങളും കുറയ്ക്കാൻ സാധിക്കും. കർശനമായ നിയമങ്ങൾ കൂടുതൽ സുരക്ഷിതമായ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്
ആദായനികുതി നിയമത്തിലെ സെക്ഷൻ 139AA അനുസരിച്ച് 2017 ജൂലൈ ഒന്നുവരെ പാൻ കാർഡ് ലഭിച്ചവർ പാൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
പാൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള നടപടികൾ
1. ആദ്യം ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലായ www.incometax.gov.in ൽ പ്രവേശിക്കുക
2. ഹോംപേജിൽ, ‘Quick Links’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
3. ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. എന്നിൽ പുതിയ പേജിൽ നിങ്ങളുടെ പാൻ, ആധാർ കാർഡ് നമ്പറുകൾ നൽകുക.
4. നിങ്ങളുടെ പാനും ആധാറും നേരത്തെ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ നിങ്ങളുടെ പാൻ ഇതിനകം തന്നിരിക്കുന്ന ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട് എന്ന് മെസേജ് വരും.
5. ഇനിയും ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ല എന്ന് മെസേജ് വരും. വെബ്‌സൈറ്റിൻ്റെ ഇടതുവശത്തുള്ള ക്വിക്ക് ലിങ്ക് എന്ന ഓപ്ഷന് കീഴിൽ കാണുന്ന ‘ലിങ്ക് ആധാർ’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം പാൻ കാർഡ് വിവരം അപ്ഡേറ്റ് ചെയ്യാനുള്ള പേജിലെത്തും. അതിൽ നിങ്ങളുടെ പാൻ, ആധാർ വിവരങ്ങൾ, ആധാർ കാർഡ് പ്രകാരമുള്ള നിങ്ങളുടെ പേരും മറ്റു വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.