സരിന് പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരൻ; ഇ പി ജയരാജൻ
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്. സരിന് ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനസേവനത്തിന് വേണ്ടി വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ് സരിനെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.
‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരില്‍ ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്തവരാനിരുന്ന ആത്മകഥയില്‍ സരിനെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്ന് ആത്മകഥയുടേതെന്ന പേരില്‍ പുറത്ത് വന്ന പിഡിഎഫില്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ വാര്‍ത്ത കഴിഞ്ഞ ദിവസം തന്നെ നിരസിച്ച ഇ പി സരിനെ പിന്തുണച്ച് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. സരിന് വിശ്വസിച്ച രാഷ്ട്രീയത്തില്‍ സത്യസന്ധതയും നീതിയും ലഭിക്കുന്നില്ലെന്ന് ബോധ്യമായപ്പോള്‍ ഇടതുപക്ഷത്തോടൊപ്പം ചേരുകയായിരുന്നുവെന്ന് ഇ പി പറഞ്ഞു. അദ്ദേഹത്തിന്റെ മനസ് എപ്പോഴും ഇടതുപക്ഷ മനസാണ്. ഏറ്റവും യോഗ്യനായ ആളാണ് പാലക്കാട് മത്സരിക്കുന്നതെന്നും സരിനെ പുകഴ്ത്തി ഇ പി ജയരാജന് പറഞ്ഞു.
ഇ പി ജയരാജന്റെ വാക്കുകള്‍
സരിന് ഉത്തമനായ ചെറുപ്പക്കാരന്. പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ജനസേവനത്തിന് വേണ്ടി ജോലി പോലും രാജിവെച്ച് നിസ്വാര്‍ത്ഥ സേവകനായി പൊതുരംഗത്ത് പ്രവര്‍ത്തിച്ച്, രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന ചെറുപ്പക്കാരനാണ് സരിന്. പാലക്കാടിന് ലഭിച്ചിട്ടുള്ള ഉത്തമനായ സ്ഥാനാര്‍ത്ഥിയാണ് സരിന്. പഠിക്കുന്ന കാലത്തെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി. ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന, ഡോക്ടറായി ആതുര ശുശ്രൂഷ രംഗത്ത് സേവനമര്‍പ്പിക്കാനുള്ള മനോഭാവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ അര്‍ഹതയോടെ അനുമതി ലഭിച്ച് കൃത്യമായ സമയത്ത് പഠനം പൂര്‍ത്തീകരിച്ച് ഡോക്ടറായി പുറത്തിറങ്ങി.
ഡോക്ടറായി പുറത്തിറങ്ങുന്ന ഘട്ടത്തിലും സമൂഹത്തിന്റെ വ്യത്യസ്തമായ മേഖലകളില്‍ സരിന്റെ എല്ലാ തരത്തിലുമുള്ള കഴിവുകളും പ്രകടിപ്പിച്ചു കൊണ്ടിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മെഡിക്കല്‍ കോളേജിലും എല്ലാ വിദ്യാര്‍ത്ഥികളുടെയും അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു പ്രിയങ്കരനായ വിദ്യാര്‍ത്ഥിയായിരുന്നു.
അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ഏറ്റവും അധികം സ്നേഹിച്ച വിദ്യാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ സരിന്. അതാണ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി കാലഘട്ടം. അതിനുശേഷം സിവില്‍ സര്‍വീസ് ആഗ്രഹിച്ചു. അതിന്റെ വഴികളിലൂടെ സഞ്ചരിച്ചു. അക്കൗണ്ട്സ് ജനറല്‍ മാനേജറായി അദ്ദേഹം സേവനം നടത്തി. ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്ത് ഏതാണ്ട് ഒരു അഞ്ചാറ് വര്‍ഷക്കാലം വലിയ ശമ്പളം വാങ്ങി ജീവിച്ചു.
പക്ഷേ അദ്ദേഹം അപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരുന്നു. അദ്ദേഹം അന്ന് ജനസേവനത്തിന്റെ വഴികളാണ് ചിന്തിച്ചത്. അങ്ങനെ തോന്നിയപ്പോള്‍ അദ്ദേഹത്തിന്റെ ചുറ്റുപാടിന്റെ സാഹചര്യത്തില്‍ ഇടതുപക്ഷ രാഷ്ട്രീയമല്ല സ്വീകരിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ മനസ് കൃഷിക്കാരുടെയും തൊഴിലാളികളുടെയും ഒപ്പമായിരുന്നു. ഇടതുപക്ഷ മനസായിരുന്നു. ഇടതുപക്ഷ മനസുമായി അദ്ദേഹം കടന്നു പോയി.
അങ്ങനെ സേവനരംഗത്ത് പ്രവര്‍ത്തിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സമയത്താണ് ഇവിടെ പാലക്കാട് അസംബ്ലി നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വരുന്നത്. അദ്ദേഹം വിശ്വസിച്ച രാഷ്ട്രീയത്തില്‍ സത്യ സന്ധതയും നീതിയും ലഭിക്കുന്നില്ലെന്ന് ബോധ്യമായി. അദ്ദേഹം വിശ്വസിച്ച കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുകയാണ്. ഗാന്ധിജിയുടെ ആശയങ്ങളും ആദര്‍ശങ്ങളും നിഷ്പ്രഭമാക്കിക്കൊണ്ട് വ്യക്തി താല്പര്യങ്ങളുടെയും സാമ്പത്തിക താല്പര്യങ്ങളുടെയും പിന്നാലെ കോണ്‍ഗ്രസും നേതാക്കളും സഞ്ചരിക്കുന്നു.
രാജ്യത്തിന്റെ പുരോഗതി അവര്‍ക്ക് പ്രശ്നമേയല്ല. അങ്ങനെയുള്ള നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി വല്ലാത്ത തരത്തില്‍ അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ആ വിയോജിപ്പില്‍ നിന്നാണ് അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തേക്ക് കടന്നു വരുന്നത്. ഇടതുപക്ഷ പാര്‍ട്ടികള്‍ വിശിഷ്യ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസിറ്റ് ഈ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഏറ്റവും യോഗ്യനായ ജനസേവന പാരമ്പര്യമുള്ള ജനങ്ങളില്‍ ജീവിതം അര്‍പ്പിക്കാന്‍ പ്രതിബദ്ധതയോട് കൂടി വന്‍ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ച ആ നല്ല ചെറുപ്പക്കാരനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കി ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ അണിനിരക്കുകയാണ്.
പാലക്കാടിന്റെ എല്ലാ മേഖലയിലും വികസന മുരടിപ്പാണിപ്പോള്‍. ആ വികസന മുരടിപ്പിനെ മാറ്റിമറിച്ച് പാലക്കാടിനെ ഐശ്വര്യ സമൃദ്ധമാക്കാന്‍ മനസില്‍ ഒരുപാട് പ്രതീക്ഷകള്‍ വെച്ചുകൊണ്ട്, ഒരുപാട് ആശയങ്ങള്‍ വെച്ച് കൊണ്ട്, ഒരുപാട് ആശയങ്ങള്‍ ക്രമീകരിച്ചുകൊണ്ട് പാലക്കാടിനെ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.