ടി 20 തന്ത്രം വെളിപ്പെടുത്തി പന്ത്, കിരീടം എങ്ങിനെ നേടി; രോഹിത് പറഞ്ഞത് സത്യം
2024 ടി20 ലോകകപ്പ് ഫൈനലില്‍ മത്സരത്തിന്റെ താളം മാറ്റിയത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ തന്ത്രമാണെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെളിപ്പെടുത്തൽ. കാല്‍മുട്ടിന് വേദനയുണ്ടെന്ന് പറഞ്ഞ് പന്ത് ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിപ്പിച്ചതാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്നായിരുന്നു രോഹിത് തുറന്നുപറഞ്ഞത്. ഇപ്പോള്‍ രോഹിത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ചും ഫൈനലിനിടെ നടന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞും റിഷഭ് പന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രോഹിത് പറഞ്ഞത് ശരിയാണെന്നും അത് തന്റെ തന്ത്രമായിരുന്നെന്നും പന്ത് സമ്മതിച്ചിരിക്കുകയാണ്.
കളിയുടെ വേഗത കുറയ്ക്കുന്നതിന് മനഃപൂര്‍വ്വം താന്‍ ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിപ്പിക്കുകയായിരുന്നെന്നാണ് പന്ത് പറയുന്നത്. സമയമെടുത്ത് തന്നെ പരിശോധിക്കാന്‍ താന്‍ ഫിസിയോയോട് ആവശ്യപ്പെട്ടെന്നും പരിക്ക് വ്യാജമായിരുന്നെന്നും പന്ത് പറഞ്ഞു. ഒരു പരിപാടിക്കിടെ സംസാരിക്കവേയായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ വെളിപ്പെടുത്തല്‍.
‘ഞാന്‍ ഇതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. കാരണം വളരെ പെട്ടെന്നാണ് മത്സരത്തിന്റെ വേഗത കൂടിയത്. രണ്ടും മൂന്നും ഓവറുകള്‍ക്കുള്ളില്‍ ഒരുപാട് റണ്‍സ് വന്നു. സമയം കളയേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ട് ഞാന്‍ ഫിസിയോയോട് സമയമെടുത്ത് പരിശോധിക്കാന്‍ പറഞ്ഞു’, പന്ത് പറഞ്ഞു. ‘എനിക്ക് ശരിക്കും പരിക്കുണ്ടോയെന്ന് ഫിസിയോ എന്നോട് ചോദിച്ചു. വെറുതെ അഭിനയിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. മത്സരത്തില്‍ ഇങ്ങനെയുള്ള സാഹചര്യത്തില്‍ അങ്ങനെ ചെയ്യാം. എപ്പോഴും അത് വര്‍ക്കാവണമെന്നില്ല. അന്ന് ഞാന്‍ അങ്ങനെ ചെയ്തത് ഞങ്ങള്‍ക്ക് അനുകൂലമായി’, പന്ത് പറഞ്ഞു.
നേരത്തെ കപില്‍ ശര്‍മ കോമഡി ഷോയിലാണ് രോഹിത് പന്തിന്റെ തന്ത്രത്തെ കുറിച്ച് തുറന്നുപറഞ്ഞത്. മത്സരത്തില്‍ 30 പന്തില്‍ 30 റണ്‍സെടുത്താല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാമായിരുന്നു. പതിനാറാം ഓവര്‍ എറിഞ്ഞ ബുമ്ര നാലു റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഇതോടെ അവസാന 24 പന്തില്‍ 26 റണ്‍സ് എന്നതായി ദക്ഷിണാഫ്രിക്കയുടെ വിജലക്ഷ്യം. ഈ സമയത്താണ് റിഷഭ് പന്ത് തന്ത്രപരമായ ഇടപെടല്‍ നടത്തിയതെന്ന് രോഹിത് ശര്‍മ പറഞ്ഞു.
കാല്‍മുട്ടിൽ വേദനയുണ്ടെന്ന പേരില്‍ റിഷഭ് ടീം ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിപ്പിച്ചു. പിന്നാലെ റിഷഭ് പന്തിന്റെ കാല്‍മുട്ടില്‍ ടീം ഫിസിയോ ടേപ്പ് ഒട്ടിക്കുകയും ചെയ്തു. ഇത് മത്സരം കുറച്ചുനേരത്തേയ്ക്ക് തടസപ്പെടുത്തി. പിന്നാലെ ക്രീസിൽ തകർത്തടിച്ച് നിന്നിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരായ ഹെന്‍റിച്ച് ക്ലാസനും ഡേവിഡ് മില്ലർക്കും വേഗത ലഭിച്ചില്ല. റിഷഭ് പന്തിന്‍റെ തന്ത്രപരമായ ആ നീക്കമാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയതെന്നും രോഹിത് ശർമ വ്യക്തമാക്കി.
ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 76 റൺസെടുത്ത വിരാട് കോഹ്‍ലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം ഏഴ് റൺസ് അകലെ അവസാനിച്ചു. എട്ടിന് 169 റൺസാണ് നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക നേടിയത്.