‘ഗെയിം ചെയ്ഞ്ചർ’ റിലീസ് ഡേറ്റ് പുറത്ത്; ഇത് ഷങ്കറിന്റെ തിരിച്ചുവരവ് ആകും
ഷങ്കർ സംവിധാനത്തിൽ രാംചരൺ നായകനാകുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംക്രാന്തി റിലീസ് ആയി ചിത്രം 2026 ജനുവരിയിൽ തിയേറ്ററിലെത്തും. ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങുമെന്നും നിർമാതാവ് ദിൽ രാജു റിലീസ് ഡേറ്റ് പുറത്തുവിട്ടുകൊണ്ടുള്ള വീഡിയോയിൽ പറഞ്ഞു.
കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണ് രണ്ടു ഗാനങ്ങൾക്കും ലഭിച്ചത്. ഒരു ടിപ്പിക്കൽ ഷങ്കർ സ്റ്റൈലിലുള്ള ഗ്രാൻഡ് ഡാൻസ് നമ്പറുകളാണ് രണ്ടു ഗാനങ്ങളും.
ഷങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’. സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യൻ 2 എന്ന ചിത്രത്തിന് ശേഷം ഷങ്കർ ഒരുക്കുന്ന ചിത്രമാണിത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ഗെയിം ചെയ്ഞ്ചറിലൂടെ ഷങ്കർ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.