പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനം ഇന്ന് തുടങ്ങും; വഖഫ് ബിൽ ഉൾപ്പെടെ ചർച്ചയാകും
ന്യൂഡൽഹി: പാർലമെൻറിൻറെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബർ ഇരുപത് വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാനുമാണ് സർക്കാർ തീരുമാനം. വഖഫിൽ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതൽ ചർച്ചകൾ വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളിയിരുന്നു. ഡിസംബർ 20 വരെ നീളുന്ന സെഷനിൽ 19 സിറ്റിംഗുകളാണുള്ളത്.
2029-ൽ പാർലമെൻ്റിലേക്കും എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും സമന്വയിപ്പിച്ച തെരഞ്ഞെടുപ്പുകളിലേക്ക് നയിക്കാൻ ഒരു രാജ്യം ഒരു ഇലക്ഷൻ ബില്ലും കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കും.
വഖഫ് (ഭേദഗതി) ബില്ലിന് പുറമെ പാർലമെൻ്റിൻ്റെ ഇരുസഭകളിലും അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനുമായി അഞ്ച് ബില്ലുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. മർച്ചൻ്റ് ഷിപ്പിംഗ് ബിൽ, തീരദേശ ഷിപ്പിംഗ് ബിൽ, ഇന്ത്യൻ തുറമുഖ ബിൽ, പഞ്ചാബ് കോടതികൾ (ഭേദഗതി) ബിൽ, രാഷ്ട്രീയ സഹകാരി വിശ്വവിദ്യാലയ ബിൽ എന്നിവയാണ് പുതിയ അഞ്ച് ബില്ലുകൾ.