300 വിക്കറ്റ് നേടാൻ റബാഡയെറിഞ്ഞത് വെറും 11,817 പന്തുകൾ; അപൂർവ്വ നേട്ടം
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ മുന്നൂറ് വിക്കറ്റ് തികയ്ക്കുന്ന താരമായി ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ. ധാക്കയിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരം അപൂർവ്വ നേട്ടത്തിലേക്കെത്തിയത്. മുഷ്ഫിഖുർ റഹീമിനെ ക്ലീൻ ബൗൾഡാക്കിയായിരുന്നു നേട്ടം.
11817 പന്തുകളാണ് 300 വിക്കറ്റുകൾ നേടാൻ റബാഡയെറിഞ്ഞത്. 12602 പന്തുകളിൽ നിന്ന് 300 വിക്കറ്റെടുത്തിരുന്ന പാക്സിതാന്റെ വഖാർ യൂനുസായിരുന്നു ഇത് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 12605 പന്തിൽ നിന്ന് 300 വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്‌റ്റൈയ്ൻ, 13672 പന്തുകളുമായി അലൻ ഡൊണാൾഡ്, 13728 പന്തുമായി മാൽക്കം മാർഷൽ എന്നിവരാണ് ആദ്യ അഞ്ചുപേരുടെ ലിസ്റ്റിലുള്ളത്.
അതേ സമയം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ബംഗ്ലാദേശ് ഓൾ ഔട്ടായി. വെറും 40 ഓവറിൽ 106 റൺസിനായിരുന്നു ഓൾ ഔട്ടായത്. 97 പന്തിൽ നിന്ന് 30 റൺസെടുത്ത മഹ്മൂദൽ ഹസൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനമെങ്കിലും കാഴ്ച്ച വെച്ചത്. കഗിസോ റബാഡ, വിയാൻ മാൾഡർ, കേശവ മഹാരാജ് എന്നിവർ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.