പുതിയ മാറ്റങ്ങളുമായി റെയിൽവേ; ട്രെയിൻ ടിക്കറ്റുകളിലെ പേരും തീയതിയും ഇനി മാറ്റാം, ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടതില്ല
ന്യൂഡൽഹി: ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്രാമാർഗമായാണ് ട്രെയിൻ യാത്രയെ പരിഗണിക്കുന്നത്. യാത്രക്കാർ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൺഫേം ടിക്കറ്റ് ലഭിക്കുക എന്നത്. അതേസമയം ബുക്ക് ചെയ്ത ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റുന്നതിനോ, ടിക്കറ്റ് മറ്റൊരു കുടുംബാംഗത്തിന്റെ പേരിലേക്ക് മാറ്റുന്നതിനോ നിലവിൽ യാത്രക്കാർ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത് വീണ്ടും ബുക്ക് ചെയ്യുകയാണ് പതിവ്. അത്തരം സന്ദർഭങ്ങളിൽ കൺഫേം ടിക്കറ്റ് ലഭിക്കുക ദുഷ്കരമാണ്.
ഈ പ്രശ്നത്തിന് പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ. യാത്രക്കാർക്ക് കൺഫേം ടിക്കറ്റിൽ പേര് അല്ലെങ്കിൽ യാത്രാ തീയതി മാറ്റാനുള്ള സൗകര്യം ഇനി മുതൽ ലഭ്യമാണ്. അതിനായി ടിക്കറ്റ് റദ്ദാക്കേണ്ട ആവശ്യമില്ല.
ടിക്കറ്റിൽ പേര് മാറ്റുന്നതിനായി ടിക്കറ്റിലെ പേര് മാറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിനുളള ഓപ്ഷൻ റിസർവേഷൻ കൗണ്ടറിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മാത്രമാണ് നിലവിൽ അനുവദിക്കുക. ഓൺലൈൻ ടിക്കറ്റുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.
ബുക്ക് ചെയ്ത ആളുമായി അടുപ്പമുള്ള കുടുംബാംഗത്തിന്റെ (മാതാവ്, പിതാവ്, സഹോദരി, മകൻ/മകൾ) പേരിലേക്ക് ടിക്കറ്റ് മാറ്റാവുന്നതാണ്. ഒരു ഗ്രൂപ്പിനായി (വിദ്യാർത്ഥി അല്ലെങ്കിൽ ഓഫീസർ ഗ്രൂപ്പ് പോലെ) ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, ഗ്രൂപ്പിലെ ഒരു അംഗത്തിൻ്റെ പേരിലേക്കും ടിക്കറ്റ് മാറ്റാവുന്നതാണ്.
പേര് മാറ്റാനുള്ള പ്രക്രിയ
ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടർ സന്ദർശിക്കുക.
പേര് മാറ്റാനുളള അഭ്യർത്ഥനാ ഫോം നൽകുക.
ടിക്കറ്റ് ബുക്ക് ചെയ്ത ആളുടെയും ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്ന വ്യക്തിയുടെയും ഐ.ഡി പ്രൂഫ് നൽകുക.
രേഖകൾ പരിശോധിച്ച ശേഷം, റെയിൽവേ ഉദ്യോഗസ്ഥൻ പുതിയ യാത്രക്കാരൻ്റെ പേര് ഉപയോഗിച്ച് ടിക്കറ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഒരു യാത്രക്കാരന് ഒരു തവണ മാത്രമേ പേര് മാറ്റാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
യാത്ര തീയതി മാറ്റാനുള്ള പ്രക്രിയ
ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് റിസർവേഷൻ കൗണ്ടർ സന്ദർശിക്കുക.
യാത്രാ തീയതി മാറ്റാനുള്ള അഭ്യർത്ഥനയ്‌ക്കൊപ്പം നിങ്ങളുടെ യഥാർത്ഥ ടിക്കറ്റ് സമർപ്പിക്കുക.
പുതിയ യാത്രാ തീയതിയിൽ ടിക്കറ്റ് ലഭ്യമാണോ എന്ന് പരിശോധിച്ച ശേഷം റെയിൽവേ ഉദ്യോഗസ്ഥൻ പുതിയ ടിക്കറ്റ് നൽകുന്നതാണ്.
സ്ഥിരീകരിച്ച അല്ലെങ്കിൽ ആർ.എ.സി ടിക്കറ്റുകൾക്ക് മാത്രമാണ് തീയതി മാറ്റാനുള്ള ഓപ്ഷൻ അനുവദിച്ചിരിക്കുന്നത്. തത്കാൽ ടിക്കറ്റുകൾക്ക് ഈ സൗകര്യം ലഭ്യമല്ല. ഓരോ യാത്രക്കാരനും ഒരു തവണ മാത്രമേ യാത്രാ തീയതി മാറ്റാൻ കഴിയൂ. സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ചാണ് പുതുക്കിയ ടിക്കറ്റ് അനുവദിക്കുക.
റിസർവേഷൻ കൗണ്ടറിൽ ബുക്ക് ചെയ്യുന്ന ഓഫ്‌ലൈൻ ടിക്കറ്റുകൾക്കാണ് യാത്ര തീയതി മാറ്റാനുള്ള സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഓൺലൈൻ ടിക്കറ്റുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.
ടിക്കറ്റ് റദ്ദാക്കലുകൾ പരമാവധി കുറച്ച് കൂടുതൽ സൗകര്യങ്ങൾ നൽകി യാത്രക്കാർക്ക് ബുക്കിംഗ് തടസങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ ഈ പരിഷ്കാരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.