Latest News

ബലാത്സംഗക്കേസ്; സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടി

 ബലാത്സംഗക്കേസ്; സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ് സിദ്ദിഖ് എസ്ഐടിയോട് ചോദിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചു.

സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. ചോദ്യം ചെയ്യാന്‍ സിദ്ദിഖ് ഹാജരായോ എന്ന് എസ്‌ഐടിയോട് സുപ്രീം കോടതി ചോദിച്ചിരുന്നു. തുടർന്നാണ് സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്ന് പറഞ്ഞ സിദ്ദിഖിൻ്റെ അഭിഭാഷകന്‍ പരാതിക്കാരിയെ തിയേറ്ററിൽ വെച്ച് മാതാപിതാക്കള്‍ക്കൊപ്പം മാത്രമാണ് കണ്ടതെന്ന് വ്യക്തമാക്കി.

ധൈര്യമില്ലാത്തത് കൊണ്ടാണ് പരാതി നല്‍കാന്‍ എട്ടര വര്‍ഷം വൈകിയതെന്നാണ് അതിജീവിതയുടെ വാദം. കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് അതിജീവിതയ്ക്ക് പരാതി നല്‍കാന്‍ ധൈര്യം വന്നത്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

പീഡനത്തിനിരയായ ശേഷം പരാതി നല്‍കാന്‍ എട്ടര വര്‍ഷം വൈകിയത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ രണ്ട് തവണയും സുപ്രീംകോടതി സര്‍ക്കാരിനോട് ആവര്‍ത്തിച്ചിരുന്നു. സംഭവത്തിന് പിന്നാലെ വ്യത്യസ്ത സമയത്ത് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഇക്കാര്യം അതിജീവിത വെളിപ്പെടുത്തിയെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ മറുപടി.

പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അതേസമയം പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുന്നുവെന്നാണ് സിദ്ദിഖിന്റെ പുതിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. പരാതിക്കാരി പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് എസ്‌ഐടി തനിക്കെതിരെ ഉന്നയിക്കുന്നതെന്നും കേസിനെ സെന്‍സേഷണലൈസ് ചെയ്യാനാണ് എസ്‌ഐടിയുടെ ശ്രമമെന്നുമാണ് സിദ്ദിഖിന്റെ വാദം. താന്‍ ഉന്നതനായ വ്യക്തിയല്ലെന്നും സിദ്ദിഖിന്റെ സത്യവാങ്മൂലത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes