കോഹ്‌ലിയെ പിന്തള്ളി റിഷഭ് പന്ത്; മിന്നും പ്രകടനം
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ മറികടന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ബുധനാഴ്ച പുറത്തുവിട്ട ടെസ്റ്റ് ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കാണ് പന്ത് മുന്നേറിയത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ മിന്നും പ്രകടനമാണ് റാങ്കിങ്ങില്‍ റിഷഭ് പന്തിനെ തുണച്ചത്.
കോഹ്‌ലി റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ്. നാലാമതുള്ള ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ആദ്യ ഇരുപതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇടംപിടിച്ചിട്ടുണ്ട്. രോഹിത് 16-ാം സ്ഥാനത്തും ഗില്‍ 20-ാം സ്ഥാനത്തുമാണ്.
ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക പ്രകടനമാണ് റിഷഭ് പന്ത് കാഴ്ച വെച്ചത്. ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 49 പന്തില്‍ 20 റണ്‍സെടുത്ത് ടോപ് സ്‌കോററായ പന്തിന് രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായി. 105 പന്തില്‍ അഞ്ച് സിക്‌സും ഒന്‍പത് ബൗണ്ടറിയും സഹിതം 99 റണ്‍സാണ് പന്ത് നേടിയത്.