Latest News

സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല ഒഴിയുന്നു; കവി സച്ചിദാനന്ദന്‍

 സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല ഒഴിയുന്നു; കവി സച്ചിദാനന്ദന്‍

കൊച്ചി: കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിയുന്നതായി കവി കെ സച്ചിദാനന്ദന്‍. പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് പദവി ഒഴിയുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് ചുമതലയില്‍ നിന്നും ഒഴിയുന്നത്.

അതേസമയം സച്ചിദാനന്ദന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഒഴിവായത് അറിയില്ലെന്ന് അക്കാദമി സെക്രട്ടറി അബൂബക്കര്‍ അറിയിച്ചു. ഏഴു വര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവി രോഗത്തിന് വിധേയനായിരുന്നുവെന്നും അന്നു മുതല്‍ മരുന്ന് കഴിക്കുകയാണെന്നും നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ സച്ചിദാനന്ദൻ അറിയിച്ചിരുന്നു.

സുഹൃത്തുക്കളെ, ഞാന്‍ ഏഴ് വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് (transient global amnesia) വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1 ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.

ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ, ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes