Latest News

സജിമോന് തിരിച്ചടി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളി

 സജിമോന് തിരിച്ചടി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളി

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സ്‌റ്റേ നൽകുന്ന കാര്യം അടുത്ത തവണ പരിഗണിക്കാമെന്ന് സുപ്രിംകോടതി പ്രതികരിച്ചു. സജിമോൻ പാറയിലിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.

ഹേമകമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ച നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അടിയന്തിരമായി പരി​​ഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സജിമോൻ പാറയിലിന്റെ അഭിഭാഷകൻ കോടതിയിൽ കത്ത് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി ഇന്ന് പരി​ഗണിക്കാൻ തീരുമാനിച്ചത്.

2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്ഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതി‍ർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയെയാണ് സർക്കാർ രൂപീകരിച്ചത്. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിർദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു. 2019 ഡിസംബർ 31ന് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes