സരിൻ്റേത് രാഷ്ട്രീയ ആത്മഹത്യ, എടുത്തു ചാടിയത് മരണക്കിണറിലേക്ക്; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പി സരിന്‍ എടുത്ത് ചാടുന്നത് തിരിച്ചുകയറാനാകാത്ത മരണക്കിണറിലേക്കാണെന്ന് ചെറിയാന്‍ ഫിലിപ്പ്. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.
സരിന്റെ നീക്കം ഒരു യുവാവിന്റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘വര്‍ഗീയ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മാത്രമേ സിപിഐഎമ്മില്‍ നിലനില്‍ക്കാനാവൂ. രാഷ്ട്രീയത്തിലെയോ സിവില്‍ സര്‍വീസിലേയോ പാരമ്പര്യമോ മറ്റു കഴിവുകളോ സിപിഐഎം പരിഗണിക്കാറില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ വീണ്ടും ചിലപ്പോള്‍ ജയസാധ്യതയില്ലാത്ത സീറ്റില്‍ നേര്‍ച്ചകോഴിയാക്കും. സിപിഐഎമ്മിന് ശക്തിയില്ലാത്ത സീറ്റുകളില്‍ ജാതി-മത പിന്‍ബലമുള്ളവര്‍ക്ക് മാത്രമേ ജയിക്കാന്‍ കഴിയൂ. അല്ലാത്തവരെ ഉപയോഗം കഴിഞ്ഞാല്‍ സിപിഐഎം ക്രമേണ നിഷ്‌ക്കരുണം വലിച്ചെറിയും. ചെറുപ്പക്കാരനായ സരിന് കോണ്‍ഗ്രസില്‍ ഭാവിയില്‍ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പരിഗണനയാണ് അപക്വവും വൈകാരികവുമായ തീരുമാനത്തിലൂടെ തകര്‍ത്തത്. സിപിഐഎം ഒരു മുങ്ങുന്ന കപ്പലാണെന്ന കാര്യം സരിന്‍ മറക്കരുത്’, ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു.