Latest News

വിമാനങ്ങൾക്ക് പിന്നാലെ വിദ്യാലയങ്ങളും; രാജ്യത്ത് സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി

 വിമാനങ്ങൾക്ക് പിന്നാലെ വിദ്യാലയങ്ങളും; രാജ്യത്ത് സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിലെ സി.ആർ.പി.എഫ് സ്കൂളുകൾക്കും ബോംബ് ഭീഷണി. ഡൽഹിയിൽ രോഹിണിയിലെയും ദ്വാരകയിലെയും സി.ആർ.പി.എഫ് സ്കൂളുകൾക്ക് ഇന്നലെ രാത്രിയാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. സ്കൂളുകൾ ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. ഇതേത്തുടർന്ന് സ്കൂളുകളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല.

ഡൽഹി രോഹിണിയിലെ സി.ആർ.പി.എഫ് സ്കൂളിന് സമീപം ഞായറാഴ്ച രാവിലെ ശക്തമായ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തുകയാണ്. നിരവധി കടകൾക്കും വാഹനങ്ങൾക്കും സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. സ്ഫോടനം എൻ.ഐ.എയും സി.ആർ.പി.എഫും എൻ.എസ്.ജിയും അന്വേഷിക്കുകയാണ്. ഖലിസ്ഥാൻ വിഘടനവാദി സംഘടനകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമിൽ ഖലിസ്ഥാൻ സംഘടനയുടെ പേരിൽ പോസ്റ്റ് പ്രചരിച്ചിരുന്നു. ഖലിസ്ഥാൻ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിച്ചത്. ഇതിൽ, സ്ഫോടന ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്നും എഴുതിയിട്ടുണ്ട്. ‘ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകക്കെടുത്ത് ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വെക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങൾ എത്രത്തോളം അടുത്താണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കാൻ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്’ എന്ന് പോസ്റ്റിൽ പറയുന്നു.

വിമാനങ്ങൾക്ക് നിരന്തരം ബോംബ് ഭീഷണികൾ വരുന്നതിനിടെയാണ് സ്കൂളുകൾക്കും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. ഒക്ടോബർ 14ന് ശേഷം നൂറിലേറെ ബോംബ് ഭീഷണികളാണ് ഇന്ത്യൻ വിമാനങ്ങൾക്കുണ്ടായത്. തിങ്കളാഴ്ച മാത്രം 30 വിമാനങ്ങൾക്ക് ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചു. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഞാ​യ​റാ​ഴ്ച 25 വി​മാ​നങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes