സരിന് കൈ കൊടുക്കാതെ ഷാഫിയും രാഹുലും; മാധ്യമ സ്റ്റണ്ടിനില്ലെന്ന് രാഹുൽ
പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന് കൈകൊടുക്കാതെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും. പാലക്കാട്ടെ ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിച്ചത്. സരിൻ പേര് വിളിച്ചിട്ടും രാഹുല്‍ കൈകൊടുക്കാതെ പോകുകയായിരുന്നു. അതേസമയം, രാഹുലും ഷാഫി പറമ്പിലും മുൻ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു. സരിൻ പലതവണ രാഹുലിന്റെ പേര് വിളിച്ചു. കേള്‍ക്കാതെ പോയതോടെ ഇത് മോശമാണെന്ന് സരിൻ പറഞ്ഞു. പിന്നാലെ അയ്യയ്യയ്യേ എന്ന് പറഞ്ഞ സരിൻ, തനിക്കതില്‍ കുഴപ്പമില്ലെന്നും കൂട്ടിച്ചേർത്തു. ജനങ്ങള്‍ ഇത് കാണുന്നുണ്ടെന്നായിരുന്നു പിന്നീട് മാധ്യമങ്ങളോട് സരിന്റെ പ്രതികരണം.
‘ഗോപിയേട്ടനും ഞാനും നില്‍ക്കുന്നു. ഗോപിയേട്ടനെ രണ്ടുവശത്തുനിന്നും ചെന്ന് കെട്ടിപ്പിടിക്കുന്നു. ഞാൻ അടുത്ത് നില്‍ക്കുന്നു. ഗോപിയേട്ടൻ ചെയ്തതും ഞാൻ ചെയ്തതും തമ്മില്‍ എന്താ വ്യത്യാസം എന്ന് ഞാൻ ആലോചിച്ചു. ഞാനിവിടെ ഉണ്ട് ഷാഫി എന്ന് ഞാൻ പറഞ്ഞു. എന്നാല്‍ ഇല്ല എന്നായിരുന്നു മറുപടി. രാഹുല്‍ എന്നെ കണ്ടിട്ടേയില്ല’, സരിൻ വിശദീകരിച്ചു.
കല്യാണവേദിയിലെത്തിയ സരിൻ നേരിട്ട് ചെന്ന് വധൂവരന്മാരെ കണ്ടു. പിന്നാലെ എ.വി. ഗോപിനാഥും ഇവിടെയെത്തി. ഇരുവരും സംസാരിച്ച് വധൂവരന്മാരെ കണ്ട് വേദിയില്‍നിന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് രാഹുല്‍ ഷാഫിക്കൊപ്പം എത്തിയത്. ഷാഫിയും രാഹുലും എ.വി. ഗോപിനാഥിനെ അഭിവാദ്യം ചെയ്തെങ്കിലും സരിനെ കണ്ടതായി നടിച്ചില്ല. ഈ ഘട്ടത്തിലാണ് ഒരു കൈ തന്നിട്ടുപോകൂ എന്ന് സരിൻ ഇരുവരോടും പറഞ്ഞത്. എന്നാല്‍ ഇത് കേള്‍ക്കാതെ അവർ പോകുകയായിരുന്നു.
‘പ്രവൃത്തിയും വർത്തമാനവും തമ്മില്‍ ബന്ധവും ആത്മാർഥയുമുള്ള ആളാണ് ഞാൻ. ചാനലുകാർക്ക് ഒരു വാർത്ത തരാൻവേണ്ടി അഭ്യാസം കാണിക്കുക. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി സാറിന്റെ കല്ലറയുടെ മുന്നില്‍ പോയി വാർത്തയുണ്ടാക്കി. ഇന്ന് രാവിലെ ഉമ്മൻചാണ്ടി സാറിനെ തള്ളിപ്പറയുകയും ചെയ്തു. ഞാൻ കുറച്ച് ആത്മാർഥതയൊക്കെയുള്ള ആളാണ്. എനിക്കങ്ങനെ അഭ്യാസം പറ്റില്ല’, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
‘ഷാഫീ, ഇപ്പുറത്തുണ്ടെന്ന് എന്നോട് പറഞ്ഞു. അപ്പുറത്തുതന്നെയുണ്ടാവണമെന്ന് ഞാൻ മറുപടി നല്‍കി’, എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. നേരത്തെ, പാലക്കാട് സിനിമ തിയ്യേറ്ററില്‍ വെച്ചും സമാന സാഹചര്യമുണ്ടായിരുന്നു. സിനിമ കാണാനെത്തിയ ഇരുവരും തമ്മില്‍ മുഖത്തുനോക്കാൻ പോലും തയ്യാറായില്ല.