ഷാനിബും മത്സര രംഗത്തേക്ക്; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി പാർട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് രംഗത്ത്. ആളുകള്‍ നിലപാട് പറയുമ്പോള്‍ അവരെ പുറത്താക്കുന്നതാണു കോണ്‍ഗ്രസ് സമീപനം. പാർട്ടി പ്രവർത്തകരുടെ വാക്ക് കേള്‍ക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ. സതീശനു ധാർഷ്ട്യമാണ്. മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നു. ഉപ തെരെഞ്ഞുടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശന്‍റെ തന്ത്രങ്ങള്‍ പാലക്കാട് പാളും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. പാർട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്‍റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ മത്സരിച്ചാല്‍ ബിജെപിക്ക് ഗുണകരമാകുമോ എന്ന് ചർച്ച ചെയ്തു. ബിജെപിക്കകത്ത് അസ്വാരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തില്‍ സ്വതന്ത്രൻ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ബിജെപിയെ വിജയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് സാഹചര്യം ഒരുക്കുകയാണ്. ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ് വി ഡി സതീശൻ. അധികാരത്തിനു വേണ്ടി അദ്ദേഹം എന്തും ചെയ്യും. അൻവർ വിഷയത്തില്‍ കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു വെച്ചതിനു ശേഷം സതീശൻ പ്രകോപിപ്പിച്ചു. അൻവറിനെ സതീശൻ എന്തിനാണ് പ്രകോപിപ്പിച്ചത്. പാലക്കാട് ബിജെപിയെ വിജയിപ്പിക്കാൻ സാഹചര്യം ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.