Latest News

കെ.എസ്.യു, എസ്.എഫ്.ഐ സംഘർഷം; കട്ടപ്പന കോളജിൽ ആയുധങ്ങളുമായി ഏറ്റുമുട്ടൽ

 കെ.എസ്.യു, എസ്.എഫ്.ഐ സംഘർഷം; കട്ടപ്പന കോളജിൽ ആയുധങ്ങളുമായി ഏറ്റുമുട്ടൽ

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കട്ടപ്പന ഗവ. കോളേജില്‍ എസ് എഫ് ഐ – കെ എസ് യു സംഘർഷം. ഇരുവിഭാഗത്തിലും ഉള്‍പ്പെട്ട ഒൻപത് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. കെ എസ് യു വിദ്യാർത്ഥികള്‍ക്കാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.

പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥികളും കെ എസ് യു പ്രവർത്തകരുമായ ജോണ്‍സണ്‍ ജോയി, ‌ജസ്റ്റിൻ ജോർജ്, ആല്‍ബർട്ട് തോമസ്, അശ്വിൻ ശശി, അമല്‍ രാജു, പി ജി ഒന്നാം വർഷ വിദ്യാർത്ഥിനി സോന ഫിലിപ്പ് എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്കു ശേഷം കട്ടപ്പന സെൻ്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും ശരീരഭാഗങ്ങളിലും അടിയേറ്റിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകരായ അഖില്‍ ബാബു, അശ്വിൻ സനീഷ്, കെ.എസ് ദേവദത്ത് എന്നിവർക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പ്രകോപനം കൂടാതെ കാപ്പിവടി, നഞ്ചക്ക് എന്നിവ ഉപയോഗിച്ച്‌ 30 പേർ വരുന്ന എസ് എഫ് ഐ പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നുവെന്ന് കെ എസ് യു സംസ്ഥാന സെക്രട്ടറി ജിതിൻ ഉപ്പുമാക്കല്‍ പറഞ്ഞു. എന്നാല്‍ യൂണിയൻ തെരഞ്ഞെടുപ്പില്‍ തോറ്റ കെ എസ് യു പ്രവർത്തകരുടെ ഭാഗത്തു നിന്ന് നാളുകളായി പ്രകോപനവും ആക്രമണവും തുടരുകയാണെന്നാണ് എസ് എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി അഖില്‍ ബാബു പറഞ്ഞത്.

സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കട്ടപ്പന പൊലീസ് ഇരുവിഭാഗത്തിൻ്റേയും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന പിറ്റിഎ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes