Latest News

ട്രോളുകൾ ഏറ്റുവാങ്ങി റാംചരണിന്റെ ‘ഗെയിം ചേഞ്ചറി’ലെ പുതിയ ഗാനം

 ട്രോളുകൾ ഏറ്റുവാങ്ങി റാംചരണിന്റെ ‘ഗെയിം ചേഞ്ചറി’ലെ പുതിയ ഗാനം

റാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ‘ഗെയിം ചേഞ്ചർ’. സ്ഥിരം ഷങ്കർ സിനിമകളെപ്പോലെ വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. ‘നാനാ ഹൈറാനാ’ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനത്തിൽ രാംചരണും കിയാരാ അദ്വാനിയും പ്രത്യക്ഷപ്പെടുന്നുണ്ട്.

എന്നാൽ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ നിറയെ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ലിറിക് വീഡിയോയിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഉയരുന്നത്. നായകന്റെയും നായികയുടെയും ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തത് പോലെയാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. 400 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമക്ക് നല്ല രീതിയിൽ ഒരു ലിറിക് വീഡിയോ പോലും ചെയ്യാനാകില്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കല്യാണ വീഡിയോകളിൽ കാണുന്ന തരത്തിൽ ഉള്ള എഡിറ്റ് ആണെന്നും പിക്സ് ആർട്ട് തുടങ്ങിയ ആപ്പുകളിൽ എഡിറ്റ് ചെയ്തത് പോലെയാണ് ഗാനം ഉള്ളതെന്നും കമന്റുകളുണ്ട്. എന്നാൽ ലിറിക് വീഡിയോയിൽ ചിത്രത്തിലെ ഒറിജിനൽ വിഷ്വൽസും കാണിക്കുന്നുണ്ട്. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്ത ഗാനം മൂന്ന് ഭാഷകളിലും ആലപിച്ചിരിക്കുന്നത് കാർത്തിക്, ശ്രേയ ഘോഷാൽ എന്നിവർ ചേർന്നാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025 ജനുവരി 10ന് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഷങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് ‘ഗെയിം ചേഞ്ചർ’. സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യൻ 2 എന്ന ചിത്രത്തിന് ശേഷം ഷങ്കർ ഒരുക്കുന്ന ചിത്രമാണിത്. ഇന്ത്യന്‍ 2 ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ഗെയിം ചേഞ്ചറിലൂടെ ഷങ്കർ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes