ഭാര്യ വീട്ടിലെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകം

ആറാട്ടുപുഴയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പില്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
തലയ്ക്കുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കേസില്‍ നാല് പ്രതികളും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
വിഷ്ണുവും ഭാര്യ ആതിരയും കഴിഞ്ഞ ഒന്നര വർഷമായി പിണങ്ങി കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള മകനുണ്ട്. ദാമ്പത്യ തർക്കത്തില്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം മകൻ അവധി ദിവസങ്ങളില്‍ വിഷ്ണുവിനോടൊപ്പമാണ് കഴിഞ്ഞത്. ഇങ്ങനെ തന്നോടൊപ്പമായിരുന്ന മകനെ തിരികെ ഏല്‍പിക്കാൻ ഇന്നലെ വൈകീട്ട് വിഷ്ണു ആറാട്ടുപുഴയിലെ ഭാര്യവീട്ടില്‍ എത്തി. ഇവിടെ വച്ച് ഭാര്യയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു എന്ന് പൊലിസ് പറയുന്നു.
ഭാര്യയുടെ ബന്ധുക്കള്‍ വിഷ്ണുവിനെ മാരകമായി മർദ്ദിച്ചെന്ന് വിഷ്ണുവിന്റെ കുടുംബം പറയുന്നു. മർദ്ദനമേറ്റ് വിഷ്‌ണു കുഴഞ്ഞു വീണുവെന്നും ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിഷ്ണു ഹൃദ്രോഗിയാണെന്നും കുഴഞ്ഞ് വീണാണ് മരിച്ചതെന്നുമായിരുന്നു മറുവാദം. ഇത് പൊളിഞ്ഞു. സംഭവത്തില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസാണ് കേസെടുത്തത്.