Latest News

തൃശൂര്‍ പൂരം കലക്കിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം

 തൃശൂര്‍ പൂരം കലക്കിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം. പൊലീസിന്റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞ് തിരുവമ്പാടി ദേവസ്വത്തിൻ്റെ സത്യവാങ് മൂലം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിമര്‍ശനം. പൂരം എഴുന്നള്ളിപ്പില്‍ പൊലീസ് ഇടപെട്ടുവെന്നും സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തുവെന്നും പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും തിരുവമ്പാടി ദേവസ്വം കോടതിയിൽ പറഞ്ഞു. പൊലീസിൻ്റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കി. നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി. പൂരം നടത്തിപ്പില്‍ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടതെന്നും പൊലീസ് ഏകപക്ഷീയമായും അപക്വമായുമാണ് പെരുമാറിയെതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടുന്നു. പൊലീസ് ബൂട്ടിട്ടാണ് ക്ഷേത്ര പരിസരത്ത് കയറിയതെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

എന്നാൽ തൃശൂര്‍ പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. പൂരത്തിലെ പൊലീസ് നിയന്ത്രണങ്ങളുടെ പേരില്‍ തിരുവമ്പാടി വിഭാഗം ബഹിഷ്‌കരണ നീക്കം നടത്തിയെന്നും കൊച്ചിൻ ദേവസ്വം ബോർഡ് സത്യവാങ്ങ്മൂലത്തിൽ അറിയിച്ചിരുന്നു. ഗതാഗത നിയന്ത്രണമുള്ളയിടത്തേക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആംബുലന്‍സിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി ബിന്ദു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായതായി സത്യവാങ്മൂലത്തില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാര്‍, സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വത്സന്‍ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം സംശയം ബലപ്പെടുത്തുന്നുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പൂരം അലങ്കോലമായെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ വഴിയൊരുക്കി. താൻ ഇടപെട്ട് പ്രതിസന്ധി പരിഹരിച്ചെന്ന വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ സുരേഷ് ഗോപി പ്രചരിപ്പിച്ചു. രാത്രി മഠത്തില്‍ വരവ് സമയത്ത് ഒമ്പത് ആനകള്‍ക്ക് പകരം ഒരാനയായി തിരുവനമ്പാടി ദേവസ്വം ചുരുക്കി തുടങ്ങിയ വിവരങ്ങളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes