ഈ നന്ദി സിപിഎം പ്രവർത്തകരോട് എന്നുമുണ്ടാകും; രാഹുൽ മാങ്കൂട്ടത്തിൽ
തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സിപിഎം ഫേസ്ബുക്ക് പേജില്‍ വന്ന സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് പാലക്കാട് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സിപിഎം രണ്ട് തട്ടിലാണെന്നും ഒരു വിഭാഗം തനിക്കൊപ്പമാണെന്നും, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സെക്രട്ടറി ആദ്യം പറഞ്ഞത് എഫ് ബി പേജ് വ്യാജമാണെന്നാണ്. ഇപ്പോള്‍ ഔദ്യോഗിക പേജാണെന്നും ഹാക്ക് ചെയ്തതാണെന്നും പറയുന്നു. ജില്ലാ സെക്രട്ടറി ആദ്യം ഒരിടത്ത് ഉറച്ച് നില്‍ക്കണം. സത്യമറിയാൻ ഒരു സൈബർ കേസ് നല്കി അന്വേഷിച്ചാല്‍ പോരെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ഈ പിന്തുണയ്ക്ക് എല്ലാ കാലത്തും സിപിഎം പ്രവർത്തകരോട് നന്ദിയുണ്ടാവുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
പേജില്‍ ഇന്നലെ രാത്രിയാണ് തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പുള്ള വീഡിയോ 63,000 ഫോളോവേഴ്സുളള പേജിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ലെന്നും, സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ആദ്യ പ്രതികരണം. എന്നാല്‍ വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജില്‍ തന്നെയാണെന്ന് പിന്നീട് ജില്ലാ സെക്രട്ടറി തിരുത്തി. അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് പുതിയ വിശദീകരണം. എസ്പിക്ക് പരാതി നല്‍കുമെന്നും ഉദയഭാനു വിശദീകരിച്ചു.