Latest News

രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും അനുഭാവികളും ബിജെപിക്ക് വോട്ടുകൾ ചെയ്തു; സി കൃഷ്ണകുമാർ

 രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും അനുഭാവികളും ബിജെപിക്ക് വോട്ടുകൾ ചെയ്തു; സി കൃഷ്ണകുമാർ

പാലക്കാട്: രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും അനുഭാവികളും തന്നെ ശ്രമിച്ചെന്നും, അത്തരത്തിലുള്ളവരുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്നും പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. അടിയൊഴുക്ക് ധാരാളമായി ഉണ്ടായെന്നും രാഹുലിന്റെ പല പരാമർശങ്ങളും യുഡിഎഫ് അനുഭാവികളിൽ വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

ചിട്ടയായ പ്രവർത്തനമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം പാർട്ടി കാഴ്ചവെച്ചത് എന്നും കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്ക് ഒരുതരത്തിലും പാർട്ടിയെ ബാധിക്കില്ല. അതീ പ്രസ്ഥാനത്തിന്റെ ഗുണമാണ്. സന്ദീപിന്റെ പഴയ പല വാട്സ്ആപ്പ്‌ ചാറ്റുകളും പ്രവർത്തകർ കുത്തിപ്പൊക്കിയിട്ടുണ്ട്. താൻ ആരാണെന്ന് സാധാരണ പ്രവർത്തകർക്കറിയാം. സന്ദീപിന് ആരെയും സ്വാധീനിക്കാനുള്ള ശേഷിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

പാലക്കാട് നഗരസഭയിൽ 8000 മുതൽ 10000 വരെ ലീഡ് ലഭിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. തങ്ങൾ തയ്യാറാക്കിയ ലിസ്റ്റിലെ വോട്ടുകളും പോൾ ചെയ്യപ്പെട്ടിട്ടുണ്ട്. വളരെ ആവേശത്തോടെയാണ് പ്രവർത്തകർ എല്ലാവരെയും ബൂത്തിലെത്തിച്ചത്. പാലക്കാട് നഗരസഭാ പരിധിയിലെ പോളിങ് കൂടിയിട്ടുണ്ടെന്നും യുഡിഎഫിന് ലഭിക്കേണ്ട ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവർക്ക് യുഡിഎഫിനോട് അതൃപ്തിയുണ്ടെന്നും കൃഷ്ണകുമാർ ആരോപിച്ചു.

അതേസമയം, ഉപതിരഞ്ഞെടുപ്പിന് പിന്നാലെ വിജയപ്രതീക്ഷയിൽ തന്നെയാണ് മുന്നണികൾ. പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. നഗരസഭാ മേഖലയിൽ പോളിങ് കൂടിയത് നേട്ടമാകുമെന്ന് ബിജെപിയും കരുതുന്നു. എൽഡിഎഫും മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിൽ തന്നെയാണ്.

70.51 ശതമാനം പോളിങാണ് ഇത്തവണ നടന്നത്. അവസാന കണക്കുകൾ വരുമ്പോൾ ശതമാനത്തിൽ ചെറിയ മാറ്റം വന്നേക്കാം. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങാണ് നടന്നത്. ആ കണക്കിനെ വെച്ച് നോക്കുമ്പോള്‍ മൂന്ന് ശതമാനത്തോളം വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പാലക്കാട് നഗരസഭയില്‍ 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനം പോളിങ് കുറവാണ്. 70.90 ശതമാനം വോട്ടാണ് ഇക്കുറി നടന്നത്. 2021ല്‍ ഇത് 75.24 ശതമാനമായിരുന്നു. ബിജെപി ശക്തികേന്ദ്രമാണ് ഈ മേഖല. അതുകൊണ്ടുതന്നെ പോളിങ് കുറഞ്ഞെങ്കിലും തങ്ങളുടെ വോട്ടുകൾ എല്ലാം പെട്ടിയിലായിട്ടുണ്ടെന്ന വിശ്വാസത്തിലാണ് ബിജെപി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes