അഴിമതിയുടെ പണപ്പെട്ടി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല, മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലാണെന്ന് വിഡി സതീശന്‍
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ച് നടത്തിയ റെയ്ഡ് നടന്നത് സിപിഐഎം-ബിജെപി നേതൃത്വങ്ങളുടെ പിന്തുണയോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റെയ്ഡിന്‌റെ തിരക്കഥ രചിച്ചത് എംബി രാജേഷും അദ്ദേഹത്തിന്‌റെ അളിയനും ചേര്‍ന്നാണ്. വനിത നേതാക്കളെ അപമാനിക്കാനാണ് പൊലീസ് ശ്രമിച്ചത്. അഴിമതിയുടെ പണപ്പെട്ടി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല മറിച്ച് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലാണെന്നും അദ്ദേഹം പറഞ്ഞു.
കെപിഎം റീജന്‍സിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ പുലര്‍ച്ചെ 12 മണയോടെയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. 42ൽ 12 മുറികളില്‍ മാത്രമായിരുന്നു പരിശോധന. രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്‌റ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നാണ് പരാതി.
വി ഡി സതീശന്‌റെ പ്രതികരണം
സിപിഐഎം ബിജെപി നേതൃത്വങ്ങളുടെ പിന്തുണയോടെയാണ് ഇത് നടന്നതെന്ന് വ്യക്തമാണ്. കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടപ്പെട്ട ബിജെപിയും അവര്‍ക്ക് എല്ലാ സഹായവും ചെയ്ത സിപിഐഎമ്മിന്‌റെയും ജാള്യത മറയ്ക്കാന്‍ വേണ്ടി നടത്തിയ നാടകമാണ് അരങ്ങിലെത്തുന്നതിന് മുമ്പേ ദയനീയമായി പൊളിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്‌റെ പിന്തുണയോടെ മന്ത്രി എംബി രാജേഷും അദ്ദേഹത്തിന്‌റെ ഭാര്യാ സഹോദരനായ സിപിഐഎം നേതാവും ബിജെപി നേതാക്കളുടെ അറിവോടെ നടത്തിയതാണ് ഈ നാടകം. ഇത് സംബന്ധിച്ച പൊലീസിന്‌റെ പ്രതികരണത്തില്‍ തന്നെ വൈരുധ്യമുണ്ട്. എസിപി പറഞ്ഞത് റൊട്ടീന്‍ പരിശോധനയാണ് എന്നാണ്. മറ്റൊരു സംഘം പറഞ്ഞത് ലിസ്റ്റ് ചെയ്ത പ്രകാരമാണ് പോയതെന്നാണ്. പൊലീസ് ആദ്യം എത്തിയത് ഷാനിമോള്‍ ഉസ്മാന്‌റെ മുറിയിലാണ്. പിന്നാലെ ബിന്ദുകൃഷ്ണയുടെ മുറിയിലെത്തി. വനിത നേതാക്കളെ അപമാനിക്കാനാണ് ശ്രമിച്ചത്. ബിജെപി നേതാവിന്‌റെ മുറിയില്‍ കയറിയില്ല.
റെയ്ഡ് നടത്താന്‍ പോകുന്ന വിവരം കൈരളി ടിവി എങ്ങനെയാണ് അറിഞ്ഞത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്‌റെ മുറിയില്‍ നിന്നും പണപ്പെട്ടി കൊണ്ടുപോകുന്നത് പകര്‍ത്താന്‍ സജ്ജമാക്കിയതാണ് അവരെ. പണപ്പെട്ടി കോണ്‍ഗ്രസിന്‌റെ കയ്യിലല്ല. പിണറായി വിജയന്‌റെ ക്ലിഫ് ഹൗസിലെത്തി പരിശോധിക്കണം. അഴിമതിയുടെ പണപ്പെട്ടി അവിടെയാണുള്ളത്. അല്ലാതെ ഞങ്ങളുടെ മുറിയിലല്ല വന്ന് നോക്കേണ്ടത്. എന്തൊരു തോന്നിയവാസമാണ് കാണിക്കുന്നത്. മഫ്തി വേഷത്തിലെത്തിയ ഉദ്യോഗസ്ഥന്‌റെ കയ്യില്‍ ഐഡി കാര്‍ഡ് പോലും ഉണ്ടായിരുന്നില്ല. ഐഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് മുന്നില്‍ വാതില്‍ തുറന്ന് കൊടുക്കണമെന്നാണോ. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ ചെവിയില്‍ നുള്ളിക്കോ, ഈ ഭരണത്തിന്‌റെ അവസാനമായി. സ്ത്രീകളെ അപമാനിക്കുന്ന പ്രവര്‍ത്തി ചെയ്ത് നാണം കെട്ടാണ് എംബി രാജേഷ് മന്ത്രിക്കസേരയിലിരിക്കുന്നത്. എംബി രാജേഷ് രാജിവെക്കണം. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജിവെച്ചില്ലെങ്കില്‍ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും. പാതിരാ റെയ്ഡിനെതിരെ നിയമ നടപടി സ്വീകരിക്കും.