Latest News

ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ പി.കെ ശ്രീമതി

 ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ പി.കെ ശ്രീമതി

കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ പൊലീസ് അതിക്രമിച്ച്‌ കയറിയ സംഭവത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി. വനിതകളുടെ മുറിയിലേക്ക് വനിതാ പൊലീസ് ഇല്ലാതെ കയറുന്നത് ശരിയാണോ എന്ന മാധ്യമപ്രവർത്തകന്‍റെ നേരിട്ടുള്ള ചോദ്യത്തിനാണ് മറുപടി പറയാതെ പി.കെ ശ്രീമതി ഒഴിഞ്ഞു മാറിയത്.

ഒരു ഹോട്ടലില്‍ യു.ഡി.എഫ് നേതൃത്വം കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമീഷൻ ആരാണെന്ന് നോക്കിയല്ല വാതിലില്‍ മുട്ടുന്നതെന്നാണ് പി.കെ. ശ്രീമതി പറഞ്ഞത്. സ്ത്രീകള്‍ മാത്രമേ ഉള്ളൂവെന്ന് മനസിലായതോടെ വനിതാ പൊലീസുകാർ എത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഹോട്ടലിലെ പന്ത്രണ്ടോളം മുറികള്‍ പരിശോധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം സ്വഭാവികമായുള്ള റെയ്ഡ് ആണ് നടന്നതെന്നും പി.കെ. ശ്രീമതി പറഞ്ഞു.

കള്ളപ്പണം ഒളിപ്പിക്കാൻ അവർക്ക് സാമർഥ്യമുണ്ട്. യു.ഡി.എഫ് പല രീതിയിലുള്ള പ്രസ്താവനകള്‍ ഇറക്കും. അതില്‍ യാതൊരു വസ്തുതയുമില്ല. തെരഞ്ഞെടുപ്പ് വിജയിക്കാൻ വേണ്ടി ഏത് തന്ത്രവും പയറ്റുന്നത് ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ നന്നായി മനസിലാക്കിയിട്ടുണ്ട്.

ധർമരാജൻ കൊണ്ടു വന്നതില്‍ നിന്ന് ബി.ജെ.പിയുടെ ഉന്നതനായ നേതാവ് നാലു കോടി രൂപ കൊടുത്തുവെന്ന് പറഞ്ഞ ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാൻ പാലക്കാട്ടെ മുൻ ജനപ്രതിനിധിക്ക് സാധിച്ചിട്ടില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു.

ചൊവ്വാഴ്ച അർധരാത്രിയിലാണ് ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം നേതാക്കളുടെ കിടപ്പുമുറിയിലെത്തിയത്. ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിത ഉദ്യോഗസ്ഥയെ എത്തിച്ച്‌ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹോട്ടലിലെ 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes