കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനിടെ ബസ് ഇടിച്ചു യുവാവ് മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രദർശനത്തിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കുഴിയിൽപ്പെടാതിരിക്കാനായി വിഷ്ണുദത്ത് സ്കൂട്ടർ വെട്ടിച്ച സമയത്താണ് റോഡിൽ വീണത്. പിന്നാലെ വന്ന ബസ് വിഷ്ണുവിനെയും അമ്മയെയും മുകളിലൂടെ കയറിയിറങ്ങി. രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്.
തൃപ്രയാർ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം. അപകടം നടന്ന റോഡിൽ നിരവധി കുഴികളുണ്ട്. ഇത് അടക്കാൻ നാട്ടുകാരും കൗൺസിലർമാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോർപ്പറേഷൻ നടപടിയെടുത്തില്ലെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ കോൺഗ്രസും ബിജെപിയും നാട്ടുകാരും പ്രതിഷേധം നടത്തി. പ്രതിപക്ഷ കൗൺസിലർമാർ റോഡിൽ കിടന്ന് പ്രതിഷേധം നടത്തി.