Latest News

‘ദാന’ കരതൊട്ടു, ആറു ലക്ഷം പേരെ ഒഴിപ്പിച്ചു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

 ‘ദാന’ കരതൊട്ടു, ആറു ലക്ഷം പേരെ ഒഴിപ്പിച്ചു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

കൊൽക്കത്ത: തീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു. പുരിക്കും സാഗർ ദ്വീപിനും ഇടയിലാണ് ‘ദാന’ കരതൊട്ടത്. മണിക്കൂറിൽ 120 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഒഡീഷയും പശ്ചിമ ബംഗാളും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രിയോട് ഉൾപ്പെടെ ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒഡീഷയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷ സർക്കാർ സ്‌കൂളുകൾ അടച്ചിടുകയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികളോടും തീർഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നിരുന്നു.

ഇന്ത്യയുടെ കിഴക്കൻ തീരത്ത് കുറഞ്ഞത് 10 ലക്ഷത്തിലധികം ആളുകളെയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. ജനങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes