കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം:കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടി വെക്കണമെന്ന ആവശ്യവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തന്‍ കേല്‍ക്കര്‍ ഐഎഎസ്. സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക (SIR) പരിഷ്കരണം ഉടൻ നടപ്പാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന്, അത് നീട്ടണമെന്ന നിലപാടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് ഓഫീസർ കത്ത് നൽകി.
സമാന ആവശ്യം കഴിഞ്ഞ ദിവസം വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രധാന രാഷ്ട്രീയപ്പാർട്ടികൾ ഉന്നയിച്ചിരുന്നു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ഇന്ന് ചർച്ച നടക്കും. രാജ്യവ്യാപക എസ്ഐആർ ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം അംഗീകരിച്ചാൽ കേരളത്തിലെ എസ്ഐആർ ഡിസംബറിന് ശേഷമായിരിക്കും നടപ്പാക്കുക. 2002നും 2004നും ഇടയിലാണ് എല്ലാ സംസ്ഥാനങ്ങളിലും മുൻപ് എസ്ഐആർ നടത്തിയത്. കേരളം 2002ലെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

