പൊതുമേഖലയിൽ ശമ്പള പരിഷ്കരണം: നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നേട്ടം, പുതിയ തസ്തികകളും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബോർഡുകളിലെയും ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ സർക്കാർ തീരുമാനം. മലബാർ സിമൻ്റ്സ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് (കെ.എസ്.എഫ്.ഇ), തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, ഇൻഫർമേഷൻ കേരള മിഷൻ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
നോൺ മാനേജീരിയൽ ജീവനക്കാർക്ക് 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ശമ്പള പരിഷ്കരണം അനുവദിച്ചത്. വർക്കർ, ഓഫീസർ, ടോപ് ലെവൽ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ശമ്പളവും അലവൻസുകളും 2022 ഓഗസ്റ്റ് 1 മുതൽ പരിഷ്കരിക്കും. ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. ഐ.കെ.എം ജീവനക്കാർക്ക് 2022 സെപ്റ്റംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നൽകാനും അനുമതി നൽകി.അതേസമയം ആരോഗ്യ മേഖലയും ദേവസ്വം വകുപ്പും ശക്തിപ്പെടുത്തുന്നതിനായി പുതിയ തസ്തികകളും സൃഷ്ടിക്കും. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ഒമ്പത് തസ്തികകളും മലബാർ ദേവസ്വം ബോർഡ് ൽ 66 തസ്തികകളും സൃഷ്ടിക്കാനാണ് തീരുമാനം.
തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് 9 തസ്തികകൾ അനുവദിച്ചത്.
ജൂനിയർ കൺസൾട്ടൻറ് (പീഡിയാട്രിക്സ്) – 1
നേഴ്സിങ്ങ് ഓഫീസർ ഗ്രേഡ്-2 – 5
നേഴ്സിങ്ങ് അസിസ്റ്റൻറ് – 1
ഹോസ്പിറ്റൽ അറ്റൻറ്ൻറ് ഗ്രേഡ്-2 – 2
മലബാർ ദേവസ്വം ബോർഡിൻ്റെ ഭരണപരമായ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ആകെ 66 തസ്തികകളാണ് സൃഷ്ടിക്കുന്നത്.
ക്ലാർക്ക് – 26
ഓഫീസ് അറ്റൻ്റൻ്റ്/വാച്ച്മാൻ – 27
ടൈപ്പിസ്റ്റ് – 8
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് – 4
ഗോൾഡ്സ്മിത്ത് – 1
ഈ തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെ സേവനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യമായും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

