ഇറാനെ പിന്തുണച്ച് ഹിസ്ബുള്ള; യുദ്ധത്തിന്റെ വ്യാപ്തി വര്ധിക്കുന്നു
ഹിസ്ബുള്ള ഇറാനെ പിന്തുണച്ച് ഇസ്രയേൽക്കെതിരെ ആക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യയിലെ യുദ്ധം വ്യാപകമാകുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹിസ്ബുള്ള നേരിട്ട് യുദ്ധരംഗത്തിറങ്ങിയത്. ഇതോടെ ഹിസ്ബുള്ളക്കെതിരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചു.
ലെബനൻയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 35 പേർ കൊല്ലപ്പെടുകയും 150ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. തെക്കൻ ലെബനനിൽ നിന്ന് ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്ന സാഹചര്യമാണ്. ഹിസ്ബുള്ളയുടെ ആയുധശാലകളെ ലക്ഷ്യമിട്ട് മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തുന്നത്.
2024ൽ ഉണ്ടായിരുന്ന വെടിനിർത്തൽ കരാർ അവഗണിച്ചാണ് ഹിസ്ബുള്ളയുടെ നടപടി. കഴിഞ്ഞ ദിവസം ഇസ്രയേലിലെ ഹൈഫയിലെ സൈനിക താവളത്തിലേക്ക് ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നു. പരമോന്നത നേതാവിന്റെ രക്തസാക്ഷിത്വത്തിന് മറുപടിയെന്നാണ് സംഘടന പ്രതികരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ തിരിച്ചടിക്കുകയാണ്.
യുദ്ധം ശക്തമായതോടെ തെക്കൻ ലെബനനിൽ നിന്ന് വലിയ തോതിൽ ജനങ്ങൾ ഒഴിഞ്ഞുപോകുന്നു. 50 ഗ്രാമങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേൽ പ്രതിരോധ സേന ആവശ്യപ്പെട്ടു. അതേസമയം, പ്രാദേശിക യുദ്ധത്തിൽ നിന്ന് ലെബനനെ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് തിരിച്ചടിയാണിതെന്ന് ലെബനീസ് ഭരണകൂടം വിമർശിച്ചു.
ഇതിനിടെ ഫ്രാൻസ്, ജർമ്മനി, അമേരിക്ക എന്നിവ സംയുക്ത പ്രസ്താവന ഇറക്കി. പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകി ഇറാനെതിരായ നീക്കങ്ങൾക്ക് പിന്തുണയുണ്ടാകുമെന്ന് അറിയിച്ചു. രണ്ട് ഫ്രഞ്ച് കപ്പലുകൾ ഉൾപ്പെട്ട യൂറോപ്യൻ യൂണിയൻ ദൗത്യസംഘവും പശ്ചിമേഷ്യൻ തീരത്തേക്ക് നീങ്ങുന്നുവെന്നാണ് വിവരം.

