ലോകകപ്പ് വിജയശിൽപ്പിക്ക് ജന്മനാടിൻ്റെ സ്നേഹം; സഞ്ജു സാംസണിനെ ആദരിക്കാൻ കെസിഎ
തിരുവനന്തപുരം: ഇരുപത് ഓവർ ലോകകപ്പിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. മംഗലപുരം മുല്ലശ്ശേരിയിൽ അസോസിയേഷൻ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് മൈതാനത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്.
മാർച്ച് 16ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ മൈതാനം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അസോസിയേഷൻ ഭാരവാഹികൾ ആദരിക്കും.
ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാണെന്നും മംഗലപുരം മൈതാനം തലസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് പുത്തനുണർവ് നൽകുമെന്നും അസോസിയേഷൻ അധ്യക്ഷൻ ശ്രീജിത്ത് വി. നായർ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായ സഞ്ജുവിന് ജന്മനാട് നൽകുന്ന ഈ ആദരവ് മൈതാനത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് കൂടുതൽ മാറ്റുകൂട്ടുമെന്നും അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.
അസോസിയേഷൻ അധ്യക്ഷൻ ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ, നിയമസഭാംഗങ്ങളായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.

